ശുദ്ധ ജലവിതരണ-മലിനജല നിർമാർജന രംഗത്ത് സാങ്കേതിക വിദ്യ: സ്റ്റാർട്ടപ് മിഷനുമായി ധാരണാ പത്രം ഒപ്പുവച്ചു

ശുദ്ധ ജലവിതരണ-മലിനജല നിർമാർജന രംഗത്ത് യന്ത്ര സാമഗ്രികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്ന കേരള വാട്ടർ അതോറിറ്റി ഇന്നോവേഷൻ സോൺ (ക്വിസ്) പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെയും സാന്നിധ്യത്തിലാണ് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ എ. ഷൈനാമോൾ, സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ സജി ഗോപിനാഥ് എന്നിവർ ഒപ്പുവച്ചത്.
ക്വിസ് പദ്ധതിയിൽ പെടുത്തി യന്ത്ര സഹായത്തോടെ സ്വീവേജ് പൈപ്പുകളിലും മാൻഹോളുകളിലും മാലിന്യം അടിഞ്ഞുകൂടുന്നത് റോബോട്ടുകളെ ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള നവീന സാങ്കേതികവിദ്യ സ്റ്റാർട്ടപ്് സംരംഭമായ ജെൻ റോബോട്ടിക്സ് പരിചയപ്പെടുത്തി. ജെൻ റോബോട്ടിക്സ് ടീമംഗങ്ങളായ വിമൽ ഗോവിന്ദ് എം.കെ., റാഷിദ് കെ., അരുൺ ജോർജ്, നിഖിൽ എൻ.പി., ജലീഷ് പി., ശ്രീജിത്ത് ബാബു ഇ.ബി., അഫ്സൽ മുട്ടിക്കൽ, സുജോദ് കെ, വിഷ്ണു പി.കെ. എന്നിവരെ മുഖ്യമന്ത്രി അനുമോദിച്ചു. സാങ്കേതികവിദ്യാ രംഗത്തെ തുടക്കക്കാർ ഇതിന് മാതൃകയായത് അഭിനന്ദനീയമാണ്. ഈ മികവുറ്റ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതായും ഇത്തരം പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൃത്തിഹീനമായ മാൻഹോളിൽ മനുഷ്യൻ ഇറങ്ങിനിന്ന് മാലിന്യം കോരി വൃത്തിയാക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് പലയിടത്തുമുള്ളത്. മാൻഹോളിലിറങ്ങി ആളുകൾ മരണപ്പെട്ട സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. യാതൊരു ശുചിത്വ-സുരക്ഷിതത്വ ക്രമീകരണവുമില്ലാതെ മാൻഹോളിലിറങ്ങി മനുഷ്യർ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതിനെത്തുടർന്നാണ് മാൻഹോൾ ശുചീകരണത്തിന് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള ആലോചനയുമായി ജല അതോറിറ്റി മുന്നോട്ടുപോയത്. അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.