കടകളില്‍ പരിശോധനക്കായി സ്‌ക്വാഡ് രൂപീകരിക്കും

കണ്ണൂർ: ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ എഡിഎം ഇ പി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

വിദ്യാലയ ക്യാമ്പസുകളുടെ 100 വാര ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനുള്ള നിരോധനം ശക്തമായി നടപ്പില്‍വരുത്തും. ഇതിന്റെ മുന്നോടിയായി കടകളില്‍ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. വിദ്യാലയ അധികൃതര്‍, പൊലീസ്, എക്‌സൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, പിടിഎ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതായിരിക്കും പരിശോധനാ സ്‌ക്വാഡ്.

വിദ്യാലയ പരിസരങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതും പിഴ ഈടാക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലാത്ത പ്രദേശങ്ങള്‍ പ്രത്യേകമായി അടയാളപ്പെടുത്താനും ഇവിടെ പുകയില ഉല്‍പ്പന്ന നിരോധിത മേഖലയെന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

കോട്പ നിയമപ്രകാരം എല്ലാ വിദ്യാലയങ്ങളിലും പുകയില രഹിത വിദ്യാലയം എന്നെഴുതിയ നിശ്ചിത വലിപ്പത്തിലുള്ള ബോര്‍ഡുകള്‍ അധികൃതര്‍ സ്ഥാപിക്കണം. വിദ്യാലയങ്ങളുടെ ചുറ്റുമതില്‍, പ്രവേശന കവാടം, നോട്ടീസ് ബോര്‍ഡ് തുടങ്ങിയ ആളുകള്‍ ശ്രദ്ധിക്കുന്ന സ്ഥലങ്ങളിലാണ് ബോര്‍ഡ് സ്ഥാപിക്കേണ്ടത്.  ഇതേക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തും. ഇതിനായി വിവിധ മല്‍സരങ്ങള്‍, പ്രതിജ്ഞ, ബോധവല്‍ക്കരണ ക്ലാസ്സുകള്‍, നാടകങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ക്യാമ്പയിന്‍ വിജയിപ്പിക്കുന്നതിനായി പ്രധാനാധ്യാപകര്‍, പിടിഎ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കും.

കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, ഹൃദയാഘാതം, വന്ധ്യത, ക്ഷയം തുടങ്ങിയവയ്ക്ക് കാരണമാവുന്ന പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിന് ജില്ലയില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് എഡിഎം പറഞ്ഞു. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ആരോഗ്യമുന്നറിയിപ്പില്ലാത്ത പുകയില ഉല്‍പ്പന്ന പായ്ക്കറ്റുകള്‍ വില്‍പ്പന നടത്തുന്നതായി ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ ടി രേഖ പറഞ്ഞു. ഹോട്ടല്‍ പരിസരങ്ങളിലും മറ്റും ഗുട്ക ഉള്‍പ്പെടെയുള്ള പാന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വ്യാപകമാണ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവയ്‌ക്കെതിരേ നടപടിയെടുക്കാനും യോഗം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ്ജഡ്ജ് സി സുരേഷ് കുമാര്‍, ഡിഎംഒ ഡോ. കെ നാരായണ നായിക്, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയരക്ടര്‍ ഡോ. ബി സതീശന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ വി പ്രദീപ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കെ എസ് ഷാജി, വകുപ്പു മേധാവികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ സംബന്ധിച്ചു.