ഇടുക്കി: പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും തരം തിരിച്ച് ശേഖരിച്ച്, ആവശ്യമായ സ്ഥലങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ വിതറി, വിനോദ സഞ്ചാരികളെയും ചെറുകിട കച്ചവടക്കാരെയും ബോധവത്ക്കരിച്ച് വാഗമണ്ണിനെ മിടുക്കിയാക്കി ഒറ്റത്തവണ മെഗാശുചീകരണ പരിപാടി ശ്രദ്ധേയമായി.
ഗാന്ധിജയന്തി വാരാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിനു ശേഷം വാഗമൺ പോലീസ് ഗ്രൗണ്ടിൽ നിന്നും 14 ടീമുകളായി തിരിഞ്ഞാണ് വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തിയത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, സ്റ്റുഡന്റ് പോലിസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ് , സാക്ഷരതാ മിഷന്‍, കുടുംബശ്രീ, ജെ.ആര്‍.സി, സ്‌കൗട്ട് ആന്റ് ഗൈഡ്, വാഗമൺ മൊട്ടക്കുന്ന് ഡെസ്റ്റിനേഷൻ കമ്മറ്റി, മീനച്ചിൽ നദീതട സംരക്ഷണ സമിതി, വ്യാപാരികൾ, ഹരിത കർമ്മ സേന,   വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങൾ തുടങ്ങി
ആബാലവൃദ്ധം ജനങ്ങളും ശുചീകരണ പരിപാടിയിൽ പങ്കാളികളായി.
 പുള്ളിക്കാനം, ഇടുക്കുപാറ, ചോറ്റുപാറ, തങ്കക്കാനം വെയിറ്റിംഗ് ഷെഡ്, ഓൾഡ് മാർക്കറ്റ്, പാലൊഴുകുംപാറ, തങ്ങളുപാറ, വെട്ടിക്കുഴി, ആത്മഹത്യാ മുനമ്പ്,
മൊട്ടക്കുന്ന്, പൈന്‍കാട് തുടങ്ങി വാഗമൺ ടൂറിസം കേന്ദ്രവും അനുബന്ധ പ്രദേശവുമെല്ലാം ഒറ്റ ദിവസം കൊണ്ട് ശുചീകരിച്ചു.