ജനാധിപത്യം മുന്നോട്ടുപോകുന്നത് ഗാന്ധിസ്മരണയിൽ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ജനകീയ പോരാട്ടങ്ങളിലൂടെ ബ്രിട്ടീഷ് ആധിപത്യത്തിനു അന്ത്യം കുറിച്ച ഗാന്ധിജിയുടെ ഓർമകളുടെ കരുത്തിലാണ് ജനാധിപത്യം മുന്നോട്ടുപോകുന്നതെന്ന് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിന്റെയും ടൂറിസ്റ്റ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററിന്റെയും നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ചരിത്രപ്രാധാന്യമുള്ള ആരാധനാലയങ്ങളെ സംരക്ഷിക്കാൻ സർക്കാർ എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

4.20 കോടി രൂപ മുടക്കി വിനോദസഞ്ചാരവകുപ്പാണ് ഗാന്ധി സ്മാരക മണ്ഡപവും ടൂറിസ്റ്റ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്ററും നിർമിക്കുന്നത്.

സി. ദിവാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സീനത്ത് ബീവി, ജനപ്രതിനിധികൾ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.