രണ്ടു കെട്ടിടത്തിൽ 6 ബൂത്തുകൾ വീതം

ആലപ്പുഴ:അരൂർ നിയമസഭ മണ്ഡലത്തിലെ 183 പോളിങ് ബൂത്തുകൾ പ്രവർത്തിക്കുന്നത് 87 കേന്ദ്രങ്ങളിലായാണ്. ഇതിൽ രണ്ടു കേന്ദ്രങ്ങളിൽ ആറു വീതം പോളിങ് ബൂത്തുകൾ സജ്ജമാക്കും. രണ്ടു കെട്ടിടങ്ങളിൽ അഞ്ചു വീതം പോളിങ് ബൂത്തുകളും ഉണ്ടാകും.

അഞ്ചു കേന്ദ്രങ്ങളിൽ നാലുവീതം പോളിങ് ബൂത്തുകളൊരുക്കും. 21 വീതം കെട്ടിടങ്ങളിലായി   ആകെ 42 കേന്ദ്രങ്ങളിൽ രണ്ടു വീതവും മൂന്നു വീതവും പോളിങ് സ്റ്റേഷനുകളാണുള്ളത്. 36 കേന്ദ്രങ്ങളിൽ ഒരുപോളിങ് ബൂത്തു വീതമാണുള്ളത്.

മണ്ഡലത്തിലെ 183 പോളിങ് സ്റ്റേഷനുകളും ഗ്രാമങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. സഹായക ബൂത്തുകൾ, താൽക്കാലിക ഷെഡുകൾ, മണ്ഡലത്തിനുവെളിയിലുള്ള പ്രദേശം, സമ്മതിദായകർക്ക് രണ്ടു കിലോമീറ്ററിന് മുകളിൽ സഞ്ചരിക്കേണ്ട പോളിങ് ബൂത്തുകൾ എന്നിവയൊന്നും മണ്ഡലത്തിലില്ല. അഞ്ചു പോളിങ് ബൂത്തുകൾ മാതൃക ബൂത്തുകളായും ഒരെണ്ണം വനിതകൾ മാത്രം കൈകാര്യം ചെയ്യുന്നതുമായിരിക്കും.

പണമൊഴുക്ക് തടയാൻ വാഹനപരിശോധന:യാത്രയിൽ രേഖകൾ കരുതണം

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പിൽ പണമോ  ഉപഹാരമോ നൽകി സമ്മതിദായകരെ സ്വാധീനിക്കാൻ ശ്രമിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ ഡോ അദീല അബ്‌ദുള്ള മുന്നറിയിപ്പ് നൽകി. ഭീഷണപ്പെടുത്തി വശത്താക്കാനോ പണമോ  ഉപഹാരമോ നൽകി സ്വാധീനിക്കാനോ ശ്രമിക്കുന്നതും കുറ്റകരമാണ്. ഇത്തരത്തിലുള്ള പ്രവർത്തനം നിരീക്ഷിക്കാൻ മിന്നൽ പരിശോധന സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

വ്യക്തിയുടെ തിരഞ്ഞെടുപ്പ് അവകാശത്തിൽ ഇടപെടുംവിധം പണമോ മറ്റുപഹാരങ്ങളോ നൽകുന്നതും വാങ്ങുന്നതും ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം ഒരു വർഷം വരെ തടവോ പിഴയോ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഭീഷണിപ്പെടുത്തിയോ നിയമവിരുദ്ധമായി സ്വാധീനിക്കുന്നതോ പണമോ ഉപഹാരമോ നൽകുന്നതും വാങ്ങുന്നതും  കണ്ടെത്താനുമാണ് മിന്നൽ സംഘങ്ങൾ.

എല്ലാ പൗരന്മാരും പണമോ പാരിതോഷികമോ വാങ്ങുന്നതിൽ നിന്ന് സ്വയം മാറി നിൽക്കണം. ഇത്തരം പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാസ്ഥാനത്തുള്ള പരാതി അവലോകന കേന്ദ്രത്തിലെ 1950 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും  ജില്ല കളക്ടർ അറിയിച്ചു.