കൊല്ലം: അന്തേവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി ജയിലുകളില്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കുമെന്ന് പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡി ജി പി ഋഷിരാജ് സിംഗ് പറഞ്ഞു. ജയില്‍ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ജയിലില്‍ തടവുകാര്‍ക്കായി സംഘടിപ്പിച്ച മൃഗസംരക്ഷണ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൗജന്യ യോഗ പരിശീലനം നല്‍കാന്‍ വിവിധ സംഘടനകള്‍  മുന്നോട്ടു വരികയാണ്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് മാന്യമായ തൊഴില്‍ ചെയ്തു ജീവിക്കാനള്ള ഉപജീവന മാര്‍ഗം ഒരുക്കി നല്‍കാന്‍  സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കുക. ജൈവകൃഷി, തയ്യല്‍, ചെരുപ്പ് –  കുട നിര്‍മാണം, ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണം തുടങ്ങിയവയെല്ലാം നടപ്പിലാക്കി കഴിഞ്ഞു. ഇപ്പോള്‍ മൃഗസംരക്ഷണ പരിശീലനവും തുടങ്ങുകയാണ്. എല്ലാ ജയിലുകളിലും പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസം നീളുന്ന  മൃഗസംരക്ഷണ പരിശീലനത്തിന്റെ  ഭാഗമായി ജില്ലാ ജയിലിലേക്കുള്ള ആട്ടിന്‍കുട്ടികളെ ഡി ജി പി ജയില്‍ സൂപ്രണ്ട് ജി ചന്ദ്രബാബുവിന് കൈമാറി. തടവുകാര്‍ നിര്‍മിച്ച ത്രീ ഫോള്‍ഡ്  കുടകളുടെ  വിപണന ഉദ്ഘാടനവും നിര്‍വഹിച്ചു.