കോന്നി ഉപതെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടം ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വോട്ടർമാർക്ക് സി വിജിൽ എന്ന ആപ്പിൽ പരാതിപ്പെടാം. പരാതി ലഭിച്ചാൽ നൂറ് മിനിറ്റനകം പരിഹാരം കാണണമെന്നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ പി.ബി നൂഹ് നിർദേശം നൽകിയിരിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ മാത്രമേ സി വിജിൽ ആപ്പിലൂടെ സ്വീകരിക്കൂ. ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടു മിനിറ്റിൽ കൂടാതെയുള്ള വീഡിയോ എന്നിവ സഹിതം ചെറുകുറിപ്പുകളോടെ പരാതികൾ അപ്പ്‌ലോഡ് ചെയ്യാം.

ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും. പരാതി അപ്ലോഡ് ചെയ്തു കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ പരാതിയുടെ ഫോളോ അപ്പ് മൊബൈലിൽ തന്നെ ട്രാക്ക് ചെയ്യാൻ കഴിയും.

ഒരാൾക്ക് ഒന്നിലധികം ചട്ടലംഘനം റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. പരാതിക്കാരന്റെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ആപ്പിന്റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകൾ ഇതിൽ തന്നെയുണ്ട്. ഫോട്ടോയോ വീഡിയയോ ക്ലിക്ക് ചെയ്തതിനു ശേഷം സംഭവം റിപോർട്ട് ചെയ്യാൻ അഞ്ചു മിനിറ്റ് ലഭിക്കും. നേരത്തെ റെക്കോഡ് ചെയ്ത വീഡിയോയോ പഴയ ഫോട്ടോ അപ്ലോഡ് ചെയ്യാൻ സാധ്യമല്ല.

ആപ്പ് വഴി നൽകുന്ന പരാതി കൺട്രോൾ റൂമിൽ ലഭിക്കുകയും ഇവിടെ നിന്നും ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിന് കൈമാറുകയും ചെയ്യും. പത്ത് സ്‌ക്വാഡുകളാണ് കോന്നി നിയോജക മണ്ഡലത്തിന്റെ പരിധിയിൽ പ്രവൃത്തിക്കുന്നത്. സി വിജിൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

 

കോന്നി തെരഞ്ഞെടുപ്പ്; സംശയനിവാരണത്തിന് 1950ൽ വിളിക്കാം

തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് പൊതുജനങ്ങൾക്കുള്ള സംശയനിവാരണത്തിനും പരാതികൾക്കും 1950 എന്ന നമ്പരിലേക്കു വിളിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടോൾ ഫ്രീ നമ്പരിലേക്കു വിളിച്ച് പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പ് സംബന്ധമായ സേവനങ്ങൾ ലഭിക്കുന്നതിനു മാത്രമല്ല പുതിയ വോട്ടർമാർക്ക് വേണ്ട നിർദേശങ്ങൾ ലഭിക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ സാധിക്കും.

പെരുമാറ്റചട്ട ലംഘന പരാതികൾ നേരിട്ടും വിളിച്ചു പറയാം

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘന പരാതികൾ നേരിട്ട് വിളിച്ചു പറയാം. കളക്ടറേറ്റിലെ എഡിഎം ഓഫീസിലെ 0468 2222507, കോന്നി താലൂക്ക് ഓഫീസിലെ 0468 2240087 എന്നീ നമ്പറുകളിലേക്ക് 24 മണിക്കൂറും പൊതുജനങ്ങൾക്ക് വിളിക്കാം.