പാലക്കാട്: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി എഡ്യൂക്കേഷന്റെയും ഡി.ടി.പി.സി.യുടെയും സഹകരണത്തോടെ ജില്ലയിലെ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘ഗാന്ധി: ജീവിതവും ദര്‍ശനങ്ങളും’ ക്വിസ് മത്സരത്തില്‍ കുമരംപുത്തൂര്‍ കല്ലടി ജി.എച്ച്.എസ്.എസിലെ കെ. ഗോപികാ ഹരിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

പള്ളിക്കുറുപ്പ് ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളായ ശ്വേത പ്രസാദ് രണ്ടാം സ്ഥാനവും ശ്രേയ ദേവരാജ് മൂന്നാംസ്ഥാനവും നേടി. ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 53 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 1500 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1000 രൂപയും 700 രൂപയും സര്‍ട്ടിഫിക്കറ്റുകളുമാണ് സമ്മാനമായി ലഭിക്കുക.