വയനാട് ജില്ലാതല വന അദാലത്ത് ഉദ്ഘാടനം ചെയ്തു

 

വയനാട്: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വയനാട് ജില്ലയിൽ 108.05 കോടി രൂപയുടെ പ്രതിരോധ- പുനരധിവാസ പദ്ധതികൾ നടപ്പാക്കി വരികയാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു.

വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിന് ആനമതിൽ, സൗരോർജ്ജ വേലി, ആനക്കിടങ്ങ് ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിംഗ് എന്നിവയ്ക്കായി 38.65 കോടിയുടെ നിർമ്മാണ നടപടികളും 69.4 കോടിയുടെ പുനരധിവാസ പ്രവർത്തനങ്ങളുമാണ് ജില്ലയിൽ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ജില്ലാതല വന അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിനു പുറമേ വനത്തിനുളളിൽ വന്യമൃഗങ്ങൾക്ക് സൈ്വരജീവിതം ഉറപ്പു വരുത്തുന്നതിനു കൂടിയാണ് ഉൾക്കാടുകളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നത്. എല്ലാ അവകാശങ്ങളും സംരക്ഷിച്ചു കൊണ്ടാണ് വനാതിർത്തി പ്രദേശങ്ങളിലേക്ക് ഇവരെ മാറ്റിത്താമസിപ്പിക്കുക. പുനരധിവാസത്തിന് സ്വയം സന്നദ്ധത പ്രകടിപ്പിക്കുന്നവരുടെ കാര്യം മാത്രമാണ് പരിഗണിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

പുതുതായി 12 കിലോമീറ്റർ സൗരോർജ്ജ വേലിയുടെയും രണ്ടു കിലോമീറ്റർ ആന കിടങ്ങിന്റെയും 410 മീറ്റർ നീളത്തിൽ ആന മതിലിന്റയും നിർമ്മാണം നടന്നു വരികയാണ്. വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ ഊർജ്ജിതമായി നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.