16.65 ലക്ഷം നഷ്ടപരിഹാരമായി നൽകി

സംസ്ഥാന വനം-വന്യജീവി വകുപ്പ് സംഘടിപ്പിച്ച ജില്ലാതല വന അദാലത്തിൽ ലഭിച്ച 180 പരാതികളിൽ 108 പരാതികൾ തീർപ്പാക്കി. വിവിധ കേസുകളിലായി 16.65 ലക്ഷം രൂപയുടെ നഷ്ടപരിഹാര ഉത്തരവും മന്ത്രി അഡ്വ. കെ. രാജു നേരിട്ട് പരാതിക്കാർക്കു കൈമാറി.

സൗത്ത് വയനാട്, നോർത്ത് വയനാട്, വൈൽഡ്‌ലൈഫ് ഡിവിഷനുകളിൽ യഥാക്രമം ലഭിച്ചത് 83, 36, 61 വീതം പരാതികളാണ്. സൗത്ത് വയനാട് ഡിവിഷനിൽ 7.48 ലക്ഷവും നോർത്ത് വയനാട് ഡിവിഷനിൽ 2.65 ലക്ഷവും വൈൽഡ്‌ലൈഫ് ഡിവിഷനിൽ 6.52 ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകി.

ഭൂമി സംബന്ധമായതടക്കമുള്ള 38 പരാതികൾ നിരസിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 34 പരാതികളിൽ തുടർനടപടികൾ സ്വീകരിച്ചു. വന അദാലത്തിൽ നേരിട്ടെത്തിയ 62 പരാതികളിൽ ഒരുമാസത്തിനുള്ളിൽ തീർപ്പുകല്പ്പിക്കാനും മന്ത്രി നിർദേശം നൽകി. ഓരോ അപേക്ഷ സംബന്ധിച്ച ഉത്തരവുകളും തീരുമാനങ്ങളും അദാലത്ത് വേദിയിൽ തന്നെ പരാതിക്കാർക്ക് കൈമാറുകയും വിശദാംശങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.

വന്യ ജീവി സംഘർഷവുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള ധനസഹായം പത്തു ലക്ഷം രൂപയാക്കി ഉയർത്തിയതായും കൃഷി നാശ നഷ്ടപരിഹാരം ഇരട്ടിയാക്കിയതായും മന്ത്രി പറഞ്ഞു.

ഈ ഉത്തരവുകൾക്ക് മുൻകാല പ്രാബല്യ മില്ലെന്നും മന്ത്രി വ്യക്തമാക്കി. മരം മുറിച്ചുമാറ്റൽ, വഴിപ്രശ്‌നം തുടങ്ങിയവും അദാലത്തിൽ എത്തി. സെപ്റ്റംബർ 25 വരെ ജില്ലയിലെ വിവിധ വനം ഓഫീസുകൾ വഴിയും ഇ-മെയിൽ വഴിയുമാണ് പരാതികൾ സ്വീകരിച്ചത്.

പരാതികൾ വിശദമായി പരിശോധിക്കാനും അദാലത്ത് കാര്യക്ഷമമാക്കാനുമായി പരാതികൾ മുൻകൂട്ടി സ്വീകരിക്കുകയായിരുന്നു.
മാനന്തവാടി ബേഗൂർ റെയ്ഞ്ചിലുൾപ്പെട്ട ഒണ്ടയങ്ങാടിയിൽ സ്വഭാവിക വനമായി മാറിയ പ്ലാന്റേഷൻ മുറിച്ചുമാറ്റുമ്പോൾ പകരം ഫലവൃക്ഷങ്ങൾ ഉൾപ്പെട്ട സ്വാഭാവിക വന നിർമ്മാണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്.

എന്നാൽ ഇത് സംബന്ധിച്ച്‌ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി. തടിമില്ലുകളുടെ ലൈസൻസുമായി ബന്ധപ്പെട്ട അപേക്ഷകൾ നിലവിലെ സാഹചര്യങ്ങളിൽ പരിഗണിക്കാൻ സാധിക്കുകയില്ലെന്നും പ്രശ്‌ന പരിഹാര സാധ്യതകൾ സർക്കാർ പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.