കണ്ണൂർ: കാഴ്ചക്കാരില്‍ കൗതുകവും കര്‍ഷകരില്‍ ആത്മവിശ്വാസവും നിറച്ച് തില്ലങ്കേരിയിലെ പാഷന്‍ ഫ്രൂട്ട് കൃഷി. കൗതുകത്തിന് വേണ്ടി മാത്രം കൃഷി ചെയ്തിരുന്നിടത്ത് നിന്നും വാണിജ്യാടിസ്ഥാനത്തില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ആരംഭിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് നാട്ടുകാരില്‍ നിന്നും പഞ്ചായത്തിന് ലഭിച്ചത്.

പഞ്ചായത്തിലെ വീടുകളില്‍ വിളവെടുപ്പിനൊരുങ്ങി നില്‍ക്കുന്ന പാഷന്‍ ഫ്രൂട്ടുകള്‍ ഇതിന് ഉദാഹരണമാണ്. വീടുകളിലെ കൃഷി കൂടാതെ വിവിധ വാര്‍ഡുകളിലായി മാതൃകാ പാഷന്‍ ഫ്രൂട്ട് തോട്ടങ്ങളും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ നാളെ (ഒക്ടോബര്‍ ആറ്) നിര്‍വഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് തലച്ചങ്ങാട് മുണ്ടച്ചാലില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് അധ്യക്ഷത വഹിക്കും.

കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടപ്പാക്കുന്ന പാഷന്‍ഫ്രൂട്ട് ഗ്രാമം പദ്ധതി വഴിയാണ് തില്ലങ്കേരിയില്‍ പാഷന്‍ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനാരംഭിച്ചത്. ആദ്യമായാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത് എന്നതിനാല്‍ തന്നെ മികച്ച മുന്നൊരുക്കങ്ങളാണ് പഞ്ചായത്ത് നടത്തിയിരുന്നത്. ആത്മ, കൃഷി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുമായി ശാസ്ത്രീയമായ കൃഷി രീതിയെക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുകയും പരിശീലനം നല്‍കുകയും ചെയ്തിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ജെ എല്‍ ജി ഗ്രൂപ്പുകള്‍, കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. മാതൃകാ തോട്ടങ്ങള്‍ക്കാവശ്യമായ നിലവും പന്തലുമൊരുക്കിയത് തൊഴിലുറപ്പ് തൊഴിലാളികളാണ്.