മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ


കൊല്ലം: ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കിഫ്ബി ഫണ്ട് വിനിയോഗിച്ചാകും അഷ്ടമുടി തീരം കേന്ദ്രീകരിച്ച് മറ്റു മേഖലകളേയും കൂട്ടിയോജിപ്പിച്ചുള്ള പദ്ധതിയെന്നും കലക്‌ട്രേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

അഷ്ടമുടിക്കായലിന്റെ ചുറ്റുമുള്ള 11 പഞ്ചായത്തുകളും കോര്‍പറേഷന്‍ മേഖലയും ഉള്‍ക്കൊള്ളുന്ന തീരത്ത് സൈക്കിള്‍ ട്രാക്ക് നിര്‍മിക്കും. കയ്യേറ്റം തടയുന്നതിനാണിത്. ട്രാക്കിനോട് ചേര്‍ന്ന് പരിസ്ഥിതി  സംരക്ഷണം ഉറപ്പാക്കുന്നതിനായി കണ്ടല്‍ വച്ചു പിടിപ്പിക്കും.

എക്കോ ടൂറിസം സാധ്യതകള്‍ മുന്‍നിറുത്തി തെന്മല, മലയോര സഞ്ചാര വികസനത്തിനായി ജടായുപാറ, കടല്‍ത്തീരങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
എല്ലാ മേഖലകളുടേയും വിവര ശേഖരണത്തിനായി 20 പേരടങ്ങുന്ന പ്രത്യേക സര്‍വെ സംഘത്തെ നിയോഗിക്കും. ആവശ്യമെങ്കില്‍ വിരമിച്ചവരുടെ സേവനവും വിനിയോഗിക്കും. ഒരു മാസത്തിനുള്ളില്‍ സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കണം. പഞ്ചായത്ത് കമ്മിറ്റികളും ജനപ്രതിനിധികളും സര്‍വെ നടപടികള്‍ സുഗമമാക്കുന്നതിനുള്ള പിന്തുണ നല്‍കണം.

മണ്‍ട്രോതുരുത്തിനേയും കുതിരമുനമ്പിനേയും ബന്ധപ്പിക്കുന്നതിനുള്ള സംവിധാനവും പരിഗണനയിലാണ്. ശാസ്താകോട്ട തടാകത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ ഇവിടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളുടേയും യോഗം ജില്ലാ കലക്ടര്‍ വിളിക്കണം. കൊല്ലം തോടിന്റ വികസന പുരോഗതിയും വിലയിരുത്തണം. കായല്‍തീര കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും നടപടി വേണം.

ടൂറിസം മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പരിസ്ഥിതി സൗഹൃദ മാസ്റ്റര്‍ പ്ലാന്‍  തയ്യാറാക്കുന്നതിന് മുന്നോടിയായി നവംബര്‍ മൂന്നാം വാരം പ്രത്യേക യോഗം ചേരാനും മന്ത്രി നിര്‍ദ്ദേശിച്ചു. ഡിസംബറില്‍ കിഫ്ബിക്ക് പദ്ധതി സമര്‍പ്പിക്കാന്‍ കഴിയും വിധം പ്ലാന്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

സര്‍വെ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.