കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രചാരണ ചെലവിന്റെ ആദ്യ ഘട്ട പരിശോധന ഈ മാസം 10 ന് നടക്കും. ഉപതിരഞ്ഞെടുപ്പിലെ ചെലവ് നിരീക്ഷകൻ എ.ഗോവിന്ദരാജിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

രണ്ടാം ഘട്ട പരിശോധന 15 നും അവസാന വട്ട പരിശോധന 18 നും നടക്കും. ആദ്യ ഘട്ട പരിശോധനയിൽ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിനായി തുടങ്ങിയ അക്കൗണ്ട് വിവരങ്ങൾ, പാസ്ബുക്കിന്റെ പകർപ്പ്, നാമനിർദ്ദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്ങ് മൂലത്തിന്റെ പകർപ്പ് എന്നിവ നൽകണം.

എല്ലാ പരിശോധനയിലും ഏറ്റവും പുതിയ ചെലവ് രജിസ്റ്ററും ഹാജരാക്കണം. സ്ഥാനാർത്ഥികളും ബന്ധപ്പെട്ടവരും പ്രചാരണ ചെലവുമായി ബന്ധപ്പെട്ട കണക്കുകൾ കൃത്യമാക്കി പരിശോധനയിലെത്തണമെന്ന് നിരീക്ഷകൻ അഭ്യർത്ഥിച്ചു. ജില്ലാ കളക്ടർ എസ്.സുഹാസ്, വരണാധികാരി എസ്.ഷാജഹാൻ, ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ആർ.രേണു, നോഡൽ ഓഫീസർ ജി.ഹരികുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. ഉപതെരഞ്ഞെടുപ്പിലെ ചെലവ് നിരീക്ഷകനായി ചുമതലയേറ്റ എ.ഗോവിന്ദ രാജ് കളക്ട്രേറ്റിലെ മാധ്യമ നിരീക്ഷണ കേന്ദ്രവും സന്ദർശിച്ചു.