ഗ്രാമീണ മേഖലയില്‍ നിര്‍മ്മിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ നല്ല നിലയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടണമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സുഭിക്ഷയും അഴിയൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംലടിപ്പിക്കുന്ന സുഭിക്ഷ ഗ്രാന്റ് ഫെയര്‍ ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുഭിക്ഷ എന്ന പേര് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ബ്രാന്റായി മാറിക്കഴിഞ്ഞു. പ്രകൃതിദത്ത ഉല്ലന്നങ്ങള്‍ വാങ്ങാനുള്ള ജനങ്ങളുടെ ആഗ്രഹം കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക ഉല്പന്നങ്ങള്‍ പ്രചരിപ്പിക്കുക, പ്രാദേശിക സാമ്പത്തിക വികസനം ശക്തിപ്പെടുത്തുക എന്നതാണ് മേളയുടെ ലക്ഷ്യം. ഒക്ടോബര്‍ നാല് മുതല്‍ 22 വരെയാണ് മേള നടക്കുക. വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന സ്റ്റാളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, പക്ഷി പ്രദര്‍ശനം, അലങ്കാര മത്സ്യ പ്രദര്‍ശനം, ഫുഡ് കോര്‍ട്ട്, നഴ്സറി, ചക്ക വിഭവങ്ങള്‍ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി പത്ത് വരെയും മറ്റു ദിവസങ്ങളില്‍ മൂന്ന് മണി മുതല്‍ പത്ത് മണി വരെയുമാണ് പ്രദര്‍ശനം. മേളയില്‍ സുഭിക്ഷ ഉല്പന്നങ്ങള്‍ 10 ശതമാനം വിലക്കുറവില്‍ ലഭിക്കും. എല്ലാ ദിവസവും വിവിധ കലാപരിപാടികളും നടക്കും.

ഉദ്ഘാടന ചടങ്ങില്‍ സി കെ നാണു എം.എല്‍.എ അധ്യക്ഷത വഹിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ആദ്യ വില്‍പന നടത്തി. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയൂബ് അമ്യൂസ്മെന്റ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.ടി ശ്രീധരന്‍, വൈസ് പ്രസിഡന്റ് റീന രയരോത്ത്, സെക്രട്ടറി ടി .ഷാഹുല്‍ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നിഷ പറമ്പത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുഭിക്ഷ ചെയര്‍മാന്‍ എം കുഞ്ഞമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.