വന്‍ ജനപങ്കാളിത്തത്തോടെ പര്യടനം സമാപിച്ചു

മികച്ച പോഷണത്തിന് ശ്രദ്ധിക്കേണ്ട പോഷണ ശീലങ്ങള്‍ ജനങ്ങളിലേക്കെത്തിച്ച് പോഷണ്‍ എക്‌സ്പ്രസ് ജില്ലയിലുടനീളം പര്യടനം നടത്തി. ദേശീയ പോഷകാഹാര പദ്ധതിയുടെ പോഷക മാസാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് പര്യടനം ആരംഭിച്ച സമ്പുഷ്ട കേരളം പോഷണ്‍ എക്‌സ്പ്രസ് കാരവാന് ജില്ലയില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്.

സെപ്തംബര്‍ 17ന് തിരുവനന്തപുരത്ത് നിന്നും ആരോഗ്യ, സാമൂഹ്യ നീതി, വനിതാശിശു വികസന മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത പോഷണ്‍ എക്‌സ്പ്രസ് കാരവാന്‍ ജില്ലയില്‍ രണ്ടു ദിവസമാണ് പര്യടനം നടത്തിയത്.
ഇതോടനുബന്ധിച്ച് കാസര്‍കോട്, മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട്, പരപ്പ, നീലേശ്വരം എന്നീ ബ്ലോക്കുകളില്‍ പോഷണ്‍ പവലിയന്‍ സജ്ജീകരിച്ചിരുന്നു.
പോഷണ്‍ എക്‌സ്പ്രസ്സ് സ്വീകരണത്തോടനുബന്ധിച്ച് വിവിധകേന്ദ്രങ്ങളില്‍ പോഷകാഹാരപ്രദര്‍ശന മേളയും കലാപരിപാടികളും സംഘടിപ്പിച്ചു. കൂടാതെ സെമിനാറുകള്‍, അനീമിയ ക്യാമ്പ്, റാലി, ചര്‍ച്ച, കര്‍ഷകരെ ആദരിക്കല്‍, കൈകഴുകല്‍ മേള തുടങ്ങിയവയും വന്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.  കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ബ്ലോക്ക്തല സ്വീകരണവും ജില്ലാതല സമാപനവും നടത്തി.