കാസർഗോഡ്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാര്‍, കടവത്ത്, മൊഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയുടെ സാന്നിധ്യം കൂടിയ തോതില്‍ കണ്ടെത്തിയതിനാല്‍ ശുദ്ധീകരണത്തിനായി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ക്ലേറിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ജലശക്തി അഭിയാന്റെ ഭാഗമായാണ് കുടിവെള്ളം പരിശോധന നടത്തിയത്.്.മനുഷ്യന്റെയും, മൃഗങ്ങളുടേയും മലത്തില്‍ കാണപ്പെടുന്ന ഈ ബാക്ടീരിയ പ്രദേശത്തെ കിണറുകളിലെ വെള്ളത്തില്‍ വളരെ കൂടുതലാണ്.
കോളിഫോം ഒറ്റ ബാക്ടീരിയ അല്ല. സിട്രോബാക്ടര്‍, എന്ററോ ബാക്ടര്‍, ഹാഫ്‌നിയാ, ക്ലബ്ബ്‌സിയെല്ലാ, എസ്‌ചെറിഷിയ തുടങ്ങിയ വിവിധ ഇനം ബാക്ടീരിയയുടെ കൂട്ടമാണ്. മഞ്ഞപിത്തം, ടൈഫോയിഡ്, വയറിളക്കരോഗങ്ങള്‍, ഭക്ഷ്യ വിഷബാധ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കും.
വെള്ളം ശുദ്ധീകരിക്കേണ്ട വിധം
വെള്ളം ശുദ്ധീകരിക്കാന്‍ 20 മിനിറ്റ് നേരം തിളപ്പിച്ച് ഉപയോഗിക്കുക, അള്‍ട്രവൈലറ്റ് ഫില്‍ട്ടര്‍ ഉപയോഗിക്കുക. ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലേറിനേഷന്‍ നടത്തുക. 1000 ലിറ്റര്‍ വെള്ളത്തിന് 2.5 ഗ്രാം ബ്ലീച്ചിങ് പൗഡറാണ് ഉപയോഗിക്കേണ്ടത്. വെള്ളത്തിന്റെ അളവ് പരിശോധിച്ച് ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ ഒരു മഗ്ഗില്‍ അല്‍പം വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തില്‍ കലക്കണം.മഗ്ഗില്‍ മുക്കാല്‍ ഭാഗം വെള്ളമൊഴിച്ച് നന്നായി കോലുകൊണ്ട് കലക്കി അഞ്ച് മിനിട്ട്‌നേരം വയ്ക്കണം. ഇത് ബക്കറ്റില്‍ ഒഴിച്ച്   കിണറ്റില്‍ കെട്ടി താഴ്ത്തി കുറേ സമയം അനക്കണം.ഒരു മണിക്കൂറിന് ശേഷം ഉപയോഗിക്കാം.