രഞ്ജിത്ത് കുമാറിന്റെ മരണം – കേസ് സിബിഐക്ക്

തൃശ്ശൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് നാർക്കോട്ടിക് സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ തിരൂർ കൈമലച്ചേരി സ്വദേശി രഞ്ജിത്ത് കുമാർ മരണപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

നാർക്കോട്ടിക് സ്‌ക്വാഡ് രഞ്ജിത്ത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷമുണ്ടായ അസ്വാഭാവിക മരണവും അതിന് ഉത്തരവാദികളായവരുടെ പങ്കും വിശദമായി അന്വേഷിക്കാൻ പാവറട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം 458/19 നമ്പർ കേസാണ് സിബിഐയെ ഏൽപ്പിക്കുക. തുടർ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നിയമസഭാ സമ്മേളനം ഒക്‌ടോബർ 28 മുതൽ

ഒക്‌ടോബർ 28 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

നിയമനങ്ങൾ / മാറ്റങ്ങൾ

വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജനെ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസിനെ വനം വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും.

ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിക്ക് നികുതി വകുപ്പിന്റെ (എക്‌സൈസ് ഒഴികെ) അധിക ചുമതല നൽകാൻ തീരുമാനിച്ചു.

നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിംഗിനെ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കും. കൃഷി (മൃഗസംരക്ഷണം), ക്ഷീരവികസനം, സാംസ്‌കാരികകാര്യം (മൃഗശാല) എന്നീ അധിക ചുമതലകൾ കൂടി ഇദ്ദേഹം വഹിക്കും.

പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധന റാവുവിനെ ഉദ്യോഗസ്ഥ-ഭരണ-പരിഷ്‌കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കും.

പരിസ്ഥിതി വകുപ്പ് ഡയറക്ടർ വീണ എൻ മാധവനെ പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും.

ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മദ് അലി പരിസ്ഥിതി വകുപ്പ് ഡയറട്കടറുടെ അധിക ചുമതല വഹിക്കും.

ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗ്ഗീസ് പണിക്കരെ കൺസ്യൂമർ അഫയേഴ്‌സ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും. ലീഗൽ മെട്രോളജി കൺട്രോളറുടെ അധിക ചുമതല ഇദ്ദേഹം വഹിക്കും.

മാനന്തവാടി സബ് കളക്ടർ എൻ.എസ്.കെ ഉമേഷിനെ ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ സ്ഥലങ്ങളിലുള്ള സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റായി മാറ്റി നിയമിക്കുവാൻ തീരുമാനിച്ചു.

ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജ്ജിനെ സ്‌പോർട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറട്കറായി മാറ്റി നിയമിക്കും.

ആർ. രാഹുലിനെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.

എസ്.എ.ടി ആശുപത്രിയിൽ നിയോനാറ്റൽ ആന്റ് പീഡിയാട്രിക് കാർഡിയാക് സർജറി യൂണിറ്റ്

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രീക് കാർഡിയോളജി വിഭാഗത്തിനു കീഴിൽ നിയോനാറ്റൽ ആന്റ് പീഡിയാട്രിക് കാർഡിയാക് സർജറി യൂണിറ്റ് ആരംഭിക്കും. ഇതിനായി അസോസിയേറ്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് കാർഡിയാക് സർജറി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് കാർഡിയാക് സർജറി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയാക് അനസ്‌തേഷ്യ, പെർഫ്യൂഷനിസ്റ്റ് എന്നിങ്ങനെ ഓരോ തസ്തികയും സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ടിന്റെ 2 തസ്തികകളും ഉൾപ്പെടെ 6 തസ്തികകൾ സൃഷ്ടിക്കും.

എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ നിന്നും പുനർവിന്യാസം വഴി ഫിസിയോതെറാപിസ്റ്റ് -1, സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് – 3, അസിസ്റ്റന്റ് പ്രൊഫസർ കാർഡിയാക് അനസ്‌തേഷ്യ -1, അസിസ്റ്റന്റ് പ്രൊഫസർ അനസ്‌തേഷ്യ – 2 എന്നീ തസ്തികകൾ കണ്ടെത്തുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

ലൈഫ് പദ്ധതിക്ക് വിവിധ വകുപ്പുകളുടെ കൈവശമുള്ള അധിക ഭൂമി

ലൈഫ് മിഷൻ പദ്ധതിക്ക് വിവിധ ജില്ലകളിലെ സർക്കാരിന്റെ കൈവശമുള്ള റവന്യൂ പുറമ്പോക്ക് ഭൂമി, പൊതുമരാമത്ത,് ജലസേചനം, പട്ടിക ജാതി, വാണിജ്യ നികുതി, കേരള വാട്ടർ അതോറിറ്റി, ഹൗസിംഗ് ബോർഡ് ഭൂമി ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റവ്യവസ്ഥകൾ പ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറാൻ തത്വത്തിൽ തീരുമാനിച്ചു. ഭൂമി എപ്രകാരം കൊടുക്കണമെന്നത് ചീഫ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുമായി ചർച്ച നടത്തി തീരുമാനിക്കും.