മനസിന്റെ ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തണം: കെ വി സുമേഷ്

കണ്ണൂർ: ശാരീരികാരോഗ്യത്തില്‍ കാണിക്കുന്ന ശ്രദ്ധ മനസ്സിന്റെ ആരോഗ്യത്തില്‍ ആരും പുലര്‍ത്തുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പറഞ്ഞു. കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വം മറന്നുപോകുന്നവരായി മലയാളി ഇക്കാലത്ത് മാറുന്നുവെന്നും നിയമസംവിധാനത്തോട് പലര്‍ക്കും ബഹുമാനമില്ലെന്നും കെ വി സുമേഷ് പറഞ്ഞു.

വ്യക്തിപരമായ താല്‍പര്യം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആളുകളുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. പൊലീസിന് മുന്നില്‍ പരിചിതമല്ലാത്ത നിരവധി പ്രശ്നങ്ങളാണ് ദിനംപ്രതി കടന്നുവരുന്നത്. പ്രണയം നിരസിച്ചതിന്റെ പേരിലും സ്വാര്‍ത്ഥ താല്‍പര്യം കൊണ്ടും ആളുകള്‍ കൊല ചെയ്യപ്പെടുന്നു.

ആവര്‍ത്തിച്ചുള്ള ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണണം. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അപരിഷ്‌കൃതമായ മനോഭാവം ഇല്ലായ്മ ചെയ്യുന്നതിനും കൂട്ടായ പരിശ്രമം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് സഭാ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുഖ്യാതിഥിയായി.