കണ്ണൂർ: മാനസികാരോഗ്യ ചികില്‍സാ രംഗത്ത് മികച്ച സേവനങ്ങളുമായി മുന്നേറുകയാണ് ഭാരതീയ ചികില്‍സാ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദ ആശുപത്രി. മാനസികാരോഗ്യം സംരക്ഷിക്കുന്നതില്‍ ആയുര്‍വേദ ചികില്‍സകളുടെയും ഔഷധങ്ങളുടെയും സാധ്യതകള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2016ല്‍ ആരംഭിച്ച മാനസികാരോഗ്യവിഭാഗം ഒപിയില്‍ വിവിധ മാനസിക പ്രശ്‌നങ്ങളുമായി നിരവധി പേരാണ് എത്തുന്നത്.

ഉറക്കക്കുറവ്, വിഷാദം, ഉന്മാദം, ഉല്‍കണ്ഠ, ഭയം, സ്വഭാവ വൈകല്യങ്ങള്‍, മുതിര്‍ന്നവരിലെ ഓര്‍മ്മക്കുറവ്, സ്വഭാവ വ്യതിയാനങ്ങള്‍, കുട്ടികളിലെ പെരുമാറ്റ പ്രശ്‌നങ്ങള്‍, അമിത വികൃതി, അക്രമ വാസന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ ചികില്‍സയും ഔഷധങ്ങളും ആയുര്‍വേദ ആശുപത്രിയില്‍ ലഭ്യമാണെന്ന് ഡിഎംഒ അറിയിച്ചു.

ഇവിടെ മാനസികാരോഗ്യ ചികില്‍സയ്‌ക്കെത്തുന്നവരില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാവുന്നുണ്ട്. മറ്റു ചികില്‍സാ രീതികള്‍ അവലംബിക്കുന്നവരും അവയുടെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നവരും പുതുതായി ചികില്‍സ തേടുന്നവരുമായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. കൃത്യമായ ഇടവേളകളില്‍ ചികില്‍സ ലഭ്യമാക്കാനായാല്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ചികില്‍സിച്ചു ഭേദമാക്കാനാവുമെന്നും ഡിഎംഒ അറിയിച്ചു.

വര്‍ധിച്ച ലഹരി ഉപയോഗം മൂലമുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇവിടെ ചികില്‍സ ലഭ്യമാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ ശരിയായ ചികില്‍സ ലഭ്യമാക്കിയാല്‍ രോഗം വേഗത്തില്‍ ഭേദമാക്കാനാവും.
തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഒരു മണിവരെയാണ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മാനസികാരോഗ്യവിഭാഗം ഒപി പ്രവര്‍ത്തിക്കുക. ഞായറാഴ്ച മാട്ടൂല്‍ ആയുര്‍വേദ ആശുപത്രിയിലും മാനസികാരോഗ്യ ഡോക്ടറുടെ സേവനം ലഭ്യമാണ്.