കൊല്ലം: പ്രകൃതി സുരക്ഷ, റോഡ് സുരക്ഷ, ഭക്ഷ്യ സുരക്ഷ, ജല സുരക്ഷ, കുട്ടികളുടെ സുരക്ഷ എന്നിവയിലൂടെ ജില്ലയുടെ സമ്പൂര്‍ണ സുരക്ഷിതത്വം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന സേഫ് കൊല്ലം പദ്ധതിയുമായി കൈകോര്‍ക്കാന്‍ കേരള പരിസ്ഥിതി സംരക്ഷണ കൗണ്‍സിലും.

‘ 2020 മാലിന്യമുക്ത കൊല്ലം’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി സംഘടനയുടെ നേതൃത്വത്തില്‍ നടത്തുന്ന 91 ദിന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍ നിര്‍വഹിച്ചു. വലിയൊരു ദൗത്യത്തിന് പിന്തുണയും പങ്കാളിത്തവും നല്‍കുന്ന സംഘടനയ്ക്ക് ആവശ്യമായ സഹകരണം ജില്ലാഭരണകൂടം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

മാറണം മേവറം,  മാലിന്യ രഹിത പരവൂര്‍ എന്നീ ബോധവല്‍കരണ ക്യാമ്പയിനുകളുടെ വിജയത്തിനു ശേഷമാണ് പരിപൂര്‍ണ്ണ മാലിന്യരഹിത കൊല്ലം എന്ന ദൗത്യത്തിനായി സേഫ് കൊല്ലത്തിന് സംഘടന പിന്തുണയേകുന്നത്.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബോധവല്‍ക്കരണ – പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. സാമൂഹ്യപ്രവര്‍ത്തകര്‍ സാമുദായിക -രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി,  ജനപ്രതിനിധികള്‍ തുടങ്ങിയവരെയെല്ലാം ഉള്‍പ്പെടുത്തി ബഹുജന പങ്കാളിത്തം ഉറപ്പാക്കിയാണ് പരിപാടികള്‍.