കോട്ടയം: ഫെയര്‍ മീറ്ററിനെതിരെ കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്കുമൂലം  യാത്രക്കാര്‍ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യം ഒഴിവാക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു.

റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്, തിരുനക്കര, നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സര്‍ക്കുലര്‍ ബസ് സര്‍വീസുകള്‍ നടത്തുന്നതിന് പെര്‍മിറ്റ് നല്‍കുന്നത് ആലോചിക്കും.

 ഈ-ഓട്ടോ, ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായി മാറിയ പഴയ നാട്ടകം, കുമാരനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മേഖലകളിലെ ഓട്ടോറിക്ഷകള്‍ക്ക് ടൗണ്‍ പെര്‍മിറ്റ് നല്‍കുന്നതിനുമുള്ള സാധ്യതകള്‍ പരിശോധിക്കും.

ഓട്ടോറിക്ഷകള്‍ ഫെയര്‍മീറ്റര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്നതും മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ പണിമുടക്കുന്നതും പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. പെര്‍മിറ്റ്  വ്യവസ്ഥകളില്‍ ഇളവു നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് കഴിയില്ല. നിയമം ലംഘിക്കുന്നവരുടെ  പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണനയിലാണെന്ന് കളക്ടര്‍ അറിയിച്ചു.