കണ്ണൂർ: ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സാംക്രമിക രോഗങ്ങള്‍ കുറഞ്ഞതായി ജില്ലാ സര്‍വെയ്‌ലന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട്. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച വിലയിരുത്തല്‍. സാംക്രമിക രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ചെയര്‍മാനായി 16 അംഗ കമ്മിറ്റിയും രൂപീകരിച്ചു.

എച്ച്‌വണ്‍ എന്‍വണ്‍ ഒഴികെയുള്ള സാംക്രമിക രോഗങ്ങളിലാണ് ജില്ലയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. 2018 ല്‍ 315 രോഗികളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ഈ വര്‍ഷം 143 ആയി കുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എലിപ്പനി ബാധിതര്‍ 31 ല്‍ നിന്ന് 23 ആയും മലമ്പനി ബാധിച്ചവരുടെ എണ്ണം 82 ല്‍ നിന്ന് 40 ആയും കുറഞ്ഞിട്ടുണ്ട്.

അതേസമയം എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ചവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവുണ്ടായതായാണ് കണക്കുകള്‍. ഈ വര്‍ഷം 82 പേര്‍ക്കാണ് എച്ച്‌വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 12 ആയിരുന്നു. വയറിളക്ക രോഗങ്ങളിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ റോട്ട വൈറസ് മൂലമുണ്ടാകുന്ന വയറിളക്ക രോഗങ്ങള്‍ തടയുന്നതിന് ഒരു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ വാക്‌സിനേഷന്‍ നടപ്പാക്കാന്‍ യോഗം നിര്‍ദേശിച്ചു.