കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ശാസ്ത്ര-സാങ്കേതികശാസ്ത്ര ശബ്ദാവലി ശില്പശാല തിരുവനന്തപുരത്ത് ആസൂത്രണ ബോര്‍ഡ്‌ അംഗം  ഡോ.ബി.ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സെഷനില്‍ സര്‍വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എ.ആര്‍.രാജന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.  അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഡോ.ഷിബു ശ്രീധര്‍ സ്വാഗതവും ജി.ബി.ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് നടന്ന ഗ്രൂപ്പ്‌ ചര്‍ച്ചയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ശാസ്ത്ര-പദാവലികള്‍ പരിഷ്കരിക്കുന്നതിനെ കുറിച്ചും പുതിയ വാക്കുകള്‍ ഉള്‍പ്പെടുത്തുന്നതിനെയും സംബന്ധിച്ച് പണ്ഡിതന്മാര്‍ അവരുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ഡോ.എം.എന്‍.ശ്രീധരന്‍ നായര്‍, കെ.കെ.കൃഷ്ണകുമാര്‍, ഡോ.വി.ശശികുമാര്‍, പ്രൊഫ.കെ.പാപ്പൂട്ടി, ഡോ.പി.സോമന്‍, ഡോ.ആറന്മുള ഹരിഹരപുത്രന്‍, ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍, ഡോ.കെ.രാജശേഖരന്‍ നായര്‍, ഡോ.അരുണ്‍.ബി.നായര്‍, സുരേഷ് മുതുകുളം എന്നിവര്‍ സംസാരിച്ചു.  

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1969മുതല്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന ശബ്ദാവലികളും നിഘണ്ടുക്കളും കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യ ഘട്ടത്തില്‍ ശാസ്ത്ര-സാങ്കേതികശാസ്ത്ര ശബ്ദാവലികള്‍ പരിഷ്കരിക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചത്.

തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പദാവലികള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ശില്‍പശാലകള്‍ സംഘടിപ്പിക്കും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ നടത്താനുദ്ദേശിക്കുന്ന ശില്പശാലയെ തുടര്‍ന്ന് വിവിധ വിഷയങ്ങളെ സംബന്ധിച്ച് മലയാളത്തില്‍ ചോദ്യശേഖരമുണ്ടാക്കുന്നതിനുള്ള ശില്പശാലയും നടത്തുന്നതാണ്.

കേരള സയന്‍സ് കമ്മീഷന്‍ ഫോര്‍ ടെക്നിക്കല്‍ ടെര്‍മിനോളജി എന്ന സമിതിയുണ്ടാക്കണമെന്ന ശില്‍പശാലയില്‍ ഉയര്‍ന്ന നിര്‍ദേശം സര്‍ക്കാരിനു മുമ്പാകെ സമര്‍പ്പിക്കുമെന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അറിയിച്ചു. ശാസ്ത്ര-സാങ്കേതികശാസ്ത്ര വിഷയങ്ങളില്‍ അവഗാഹമുള്ള തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരുമാണ് ശില്പശാലയില്‍ പങ്കെടുത്തത്.