കോട്ടയം: വാര്‍ഷിക പദ്ധതി തുക വിനിയോഗത്തില്‍ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളില്‍ വാഴൂര്‍ ഒന്നാം സ്ഥാനത്ത്. ഇതുവരെയുള്ള കണക്കു പ്രകാരം 61.52 ശതമാനമാണ് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ തുക വിനിയോഗം. ബജറ്റ് തുകയായ 4.60 കോടി രൂപയില്‍ 2.83 കോടി രൂപയാണ് ഇതുവരെ ചിലവഴിച്ചത്.

ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിലെ ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 80 ശതമാനവും പൂര്‍ത്തീകരിച്ചതായും  ശേഷിക്കുന്ന 20 ശതമാനം അന്തിമ ഘട്ടത്തിലാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ബാലഗോപാലന്‍ നായര്‍ പറഞ്ഞു. 48 സ്പില്‍ ഓവര്‍ പദ്ധതികളില്‍ 41 എണ്ണവും പൂര്‍ത്തിയായി.

ഗ്രാമപഞ്ചായത്തുകളിലെ എട്ടു കുടിവെളള പദ്ധതികളും ആറ് പട്ടികജാതി/പട്ടികവര്‍ഗ കോളനികളുടെ വികസനവും നടപ്പാക്കി. ചെറുവള്ളി, നെടുംകുന്നം, വാഴൂര്‍  ഖാദി യൂണിറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണത്തിനുമായി 5.29 ലക്ഷം രൂപ  വിനിയോഗിച്ചു.

സ്കൂളുകളില്‍ ഷീ-ടോയ്ലറ്റുകള്‍ സ്ഥാപിച്ചു. ബ്ലോക്ക് ഓഫീസ് പരിസരത്ത് 40 ലക്ഷം രൂപ ചെലവിട്ട് സജ്ജീകരിക്കുന്ന പ്ലാസ്റ്റിക്  ഷ്രെഡിംഗ് യൂണിറ്റിന്‍റെ  നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ 100 പ്രവൃത്തി ദിനം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 1000 രൂപ ഓണസമ്മാനം നല്‍കുന്ന  പദ്ധതി ഓണത്തിന് മുന്‍പേ നടപ്പിലാക്കി.

തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം  53 ഫാം കുളങ്ങളും 80 കുടിവെള്ള കിണറുകളും 39 പശുത്തൊഴുത്തുകളും 33 ആട്ടിന്‍ കൂടുകളും  ഒന്നര ലക്ഷത്തിലധികം മഴക്കുഴികളും നിര്‍മിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി കര്‍മ്മ പദ്ധതി പ്രകാരം ഭൗതിക ലക്ഷ്യം കൈവരിച്ചതില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം വാഴൂര്‍ ബ്ലോക്കിനാണ്.

എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുത്ത ഓരോ സര്‍ക്കാര്‍ സ്കൂളില്‍ കളക്ടേഴ്സ് ബിന്‍ സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. മാലിന്യ സംസ്ക്കരണത്തിനായി എല്ലാ വാര്‍ഡുകളിലും മെറ്റീരിയല്‍ കളക്ഷന്‍ സെന്‍ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  നബാര്‍ഡിന്‍റെ ധനസഹായത്തോടെ വാഴൂര്‍ ഗ്രാമപഞ്ചായത്തിലെ പുളിക്കല്‍കവലയില്‍ കാര്‍ഷിക വിപണന കേന്ദ്രത്തിന്‍റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.