കണ്ണൂർ: കലക്ടറേറ്റും പരിസരവും ശുചിയാക്കി നിലനിര്‍ത്തണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം ശിരസാ വഹിച്ചപ്പോള്‍ കണ്ണൂര്‍ സിവില്‍ സ്‌റ്റേഷന് ലഭിച്ചത് പുതിയൊരു പച്ചക്കറിത്തോട്ടം. ജില്ലാ ആര്‍ ടി ഓഫീസിന് മുന്‍വശത്ത് ഇക്കോഷോപ്പിന് സമീപം ആരംഭിച്ച പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം എഡിഎം ഇപി മേഴ്‌സി നിര്‍വഹിച്ചു.  ജില്ലാ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് ഓര്‍ഗനൈസേഷന്‍, കൊട്ടിയൂര്‍ പച്ചക്കറി ക്ലസ്റ്റര്‍ എന്നീ ഗ്രൂപ്പുകളാണ് ഇവിടെ ജൈവ പച്ചക്കറി കൃഷി നടത്തുന്നത്.

കലക്ടറേറ്റും പരിസരവും ശുചിയാക്കണമെന്ന നിര്‍ദേശത്തിന്റെ ഭാഗമായി വൃത്തിയാക്കിയ സ്ഥലങ്ങളില്‍ വീണ്ടും മാലിന്യം നിക്ഷേപിക്കാതിരിക്കാനും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് എഡിഎം ഇ പി മേഴ്‌സി പറഞ്ഞു.  എള്ള്, വഴുതന, തക്കാളി, ചീര, കബേജ്, കടുക്, മല്ലി, ഉലുവ തുടങ്ങിയ വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നത്.

ഇക്കോളജിക്കല്‍ എഞ്ചിനീയറിംഗ് പദ്ധതിയിലൂടെ മല്ലി, ചോളം എന്നീ വിളകളിലൂടെ കീട നിയന്ത്രണം നടത്തി ജൈവ പച്ചക്കറി കൃഷി ചെയ്യാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. മണ്ണ് പരിശോധന വിഭാഗത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇവിടെ കൃഷി ചെയ്യാനാവശ്യമായ വിളകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ രണ്ട് സെന്റ് സ്ഥലത്താണ് കൃഷി.

ഇവിടെ നിന്നും ലഭിക്കുന്ന പച്ചക്കറികള്‍ ഇക്കോഷോപ്പ് വിഷരഹിത പച്ചക്കറി വില്‍പ്പന കേന്ദ്രം വഴി വില്‍പ്പന നടത്തും. സിവില്‍ സ്‌റ്റേഷന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷി വകുപ്പ്.