ഇടുക്കി: പട്ടയഭൂമിയില്‍ വച്ചു പിടിപ്പിച്ച മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അവകാശം ഉടമസ്ഥര്‍ക്ക് നല്‍കുന്നതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു. ഇത് സംബന്ധിച്ച് വനം, റവന്യൂ വകുപ്പുകള്‍  ഉന്നതതല ചര്‍ച്ചകള്‍ നടത്തി അനുകൂല തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇടുക്കി ജില്ലാ വനം അദാലത്ത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജ്ഞാപനം വരുന്നതോടെ പട്ടയഭൂമിയിലെ മരം മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട ഒട്ടുമിക്ക പരാതികള്‍ക്കും പരിഹാരമാവും. ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്  അനുകൂല നിലപാടാണ്  വകുപ്പ് സ്വീകരിച്ചു പോരുന്നത്.


വനമേഖലയുമായി ബന്ധപ്പെട്ട ഭൂമി, മരം മുറിക്കല്‍, വന്യ ജീവി ആക്രമണം തുടങ്ങി എല്ലാ വിഷയങ്ങളിലും കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ എട്ടു വില്ലേജുകള്‍ ഉള്‍പ്പെടുന്ന കാര്‍ഡമം  ഹില്‍ റിസര്‍വില്‍  വകുപ്പ്  അനുകൂല വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മനുഷ്യ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഈ വര്‍ഷം 1.70 കോടിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. പുതുതായി 80 ലക്ഷം രൂപ ചെലവില്‍ 40 കിമി സൗരോര്‍ജ്ജ വേലിയും 15 ലക്ഷം രൂപ ചെലവില്‍ 1.5 കിമി കയ്യാലയും 19 ലക്ഷത്തിന്റെ 1.7 കി മി ട്രഞ്ചും നിര്‍മ്മിക്കും. സൗരോര്‍ജ വേലി സംരക്ഷണത്തിന് 27 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുന്നതിന് 29.5 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ടെന്നും നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും  അദ്ദേഹം പറഞ്ഞു.

മാങ്കുളത്തെ വന്യ ജീവി ശല്യം തടയുന്നതിന് പ്രത്യേക പരിഗണന നല്‍കുമെന്നും അദാലത്തില്‍ മന്ത്രി അറിയിച്ചു. കാട്ടുപന്നികളുടെ ശല്യം കാരണം കൃഷി നാശം സംഭവിക്കുന്ന നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തചന്റ അവയുടെ ശല്യം കൂടുന്ന സാഹചര്യങ്ങളില്‍ വെടിവെച്ചു കൊല്ലുന്നതിന് ഡി.എഫ്.ഒ മാര്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യൂണിഫോം സര്‍വീസിലെ തോക്ക് ഉപയോഗിക്കാന്‍ യോഗ്യത ഉളളവര്‍ക്ക്  നടപടി സ്വീകരിക്കാം. കാട്ടുപന്നി കളുടെ ശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.അടിയന്തിര സാഹചര്യങ്ങളില്‍ ദ്രുത കര്‍മ്മ സേന റാപിഡ് റസ്‌പോണ്‍സ് ടീമുകള്‍  രൂപീകരിക്കാന്‍ ഡി.എഫ്.ഒക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് പുതിയ വാഹനങ്ങളും ആയുധങ്ങളും  ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

അദാലത്തില്‍ ലദിച്ച 197 പരാതികളില്‍ ഭൂരിഭാഗവും പട്ടയഭൂമിയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ടവയായിരുന്നു ലഭിച്ച പരാതികളില്‍ 153 എണ്ണവും വേദിയില്‍ തീര്‍പ്പാക്കി ഉത്തരവും നല്‍കി. ഇതില്‍ 103 എണ്ണവും അപേക്ഷകര്‍ക്ക് അനുകൂലമായി തീര്‍പ്പാക്കിയപ്പോള്‍ 33 എണ്ണം നിരസിച്ചു സ്ഥലപരിശോധനയടക്കം നടത്തി നിരസിച്ച കാരണവും അദാലത്തില്‍ പരാതിക്കാരെ ബോധ്യപ്പെടുത്തുകയുണ്ടായി.

വിവിധ പരാതികളിലായി 37,12432 രൂപയുടെ നഷ്ടപരിഹാരവും അദാലത്ത് വേദിയില്‍ വച്ച് കൈമാറി. ജില്ലയിലെ 13 ഇ.ഡി.സി കള്‍ക്ക് 10.9 ലക്ഷം രൂപ ധനസഹായവും നല്‍കി. അദാലത്ത് വേദിയില്‍ ലഭിച്ച 47 പരാതികളടക്കം  തുടര്‍നടപടികള്‍ വേണ്ട പരാതികളില്‍ ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരെ നേരിട്ടറിയിക്കുമെന്നും മന്ത്രി പറഞ്ഞു

വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ക്ക്  പരിഹാരം കാണുന്നതിനായി വകുപ്പുമന്ത്രിയുടെ നേതൃത്വത്തില്‍  എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന  അദാലത്തുകളുടെ ഭാഗമായാണ് ജില്ലയില്‍ അദാലത്ത് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ ഒന്‍പതാമത്തെ അദാലത്താണിത്.  തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട തൃശ്ശൂര്‍, പാലക്കാട് കണ്ണൂര്‍, വയനാട്, കോഴിക്കോട്. ജില്ലകളിലെ അദാലത്തുകളാണ് നടന്നത്.