കോഴിക്കോട്: നാഷണല്‍ ട്രസ്റ്റ് എല്‍എല്‍സിയുടെയും അസാപ്പ് (അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ക്രാഫ്റ്റ് ബേക്കര്‍ കോഴ്സിന്റെയും ജില്ലാതല ഷീ സ്‌കില്‍സ് പദ്ധതിയുടെയും ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു നിര്‍വഹിച്ചു.

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ അമ്മമാര്‍ക്ക് കുട്ടികളെ നോക്കേണ്ട പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. അതിനാല്‍ ഇവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അതിന്റെ തുടക്കമാണ് ഇത്തരം പരിശീലനമെന്നും കലക്ടര്‍ പറഞ്ഞു. പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ പരമാവധി പരിഹരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പഠനോപകരണ വിതരണ ഉദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു.

പത്താംക്ലാസ് പാസായ 15 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും സ്്ത്രീകള്‍ക്കും പ്രത്യേക തൊഴില്‍ അധിഷ്ഠിത നൈപുണ്യ വികസന പരിശീലനം നടത്തുന്നതാണ് അസാപിന്റെ ഷീ സ്‌കില്‍സ് പദ്ധതി. പദ്ധതിയുടെ ഭാഗമായാണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ അമ്മമാര്‍ക്കായി ക്രാഫ്റ്റ് ബേക്കര്‍ കോഴ്സ് സംഘടിപ്പിക്കുന്നത്.

പരമാവധി 35 പേരടങ്ങുന്ന ഒരു ബാച്ചിന് 30 ദിവസങ്ങളിലായി 150 മണിക്കൂര്‍ പരിശീലനമാണ് നല്‍കുക. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ അമ്മമാര്‍ക്കായി ഇത്തരത്തില്‍ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പരിശീലനം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും സംഘടനകള്‍ സഹായിക്കും.

നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതി കണ്‍വീനര്‍ പി സിക്കന്തര്‍ അധ്യക്ഷത വഹിച്ചു. താമരശേരി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജ് എ വി ഉണ്ണികൃഷ്ണന്‍, എല്‍എല്‍സി അംഗം ഡോ. പി ഡി ബെന്നി എന്നിവര്‍ സംസാരിച്ചു. അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ മേഴ്സി പ്രിയ സ്വാഗതവും ക്രാഫ്റ്റ് ബേക്കര്‍ കോഴ്സ് ലീഡര്‍ സി അയിഷ നന്ദിയും പറഞ്ഞു.