സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന വായ്പാ പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 16ന് ആരംഭിക്കും.
പദ്ധതിപ്രകാരം പരമാവധി 10 ലക്ഷം രൂപവരെ വായ്പ അനുവദിക്കും.   ഗ്രാമപ്രദേശത്ത്  98000 രൂപവരെയും നഗരപ്രദേശത്ത് 120000 രൂപവരെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ ഏഴു ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും.  തിരിച്ചടവ് കാലയളവ് 84 മാസം വരെ.  അപേക്ഷകന്‍ സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ബിരുദതലത്തിലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി. ടെക്) ജയിച്ചിരിക്കണം.  പ്രായം 40 വയസ് കവിയാന്‍ പാടില്ല.
വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. സബ്‌സിഡി തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവുവയ്ക്കും. സംരംഭകന്‍ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും തിരിച്ചടയ്ക്കണം.  താത്പര്യമുള്ളവര്‍  www.ksbcdc.com  എന്ന വെബ്‌സൈറ്റില്‍ ജനുവരി 25 നകം രജിസ്റ്റര്‍ ചെയ്യണം.