തൃത്താല ചാത്തന്നൂരിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പുത്തന്‍ തൊഴില്‍ സാധ്യതകള്‍ തുറന്ന് അഞ്ച് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കൂടി ആരംഭിക്കുന്നു. ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ആദ്യമായി നടത്തിയ ബാങ്കിങ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് കോഴ്‌സിലെ ആദ്യബാച്ച് വിജയകരമായി പഠനം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ തീരുമാനമായത്. നവാഗതര്‍ക്കും നിലവില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും പ്രയോജനപ്പെടുത്താനാവുന്ന വിധത്തിലാണ് കോഴ്‌സുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ തൊഴില്‍ നിലവാരം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഇന്‍ ചാര്‍ജ് അരുണ്‍ ഉപേന്ദ്ര പറഞ്ഞു. നൂതനവും നിരവധി സാധ്യതകളുമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നടത്തുന്നതിനു പുറമേ തൊഴിലിടത്തിന് സമാനമായ രീതിയില്‍ ആധുനികവും സാങ്കേതികവുമായ അന്തരീക്ഷം സജ്ജീകരിച്ചാണ് പരിശീലനം നല്‍കുന്നത്.
അനിമേഷന്‍, ഐ.ബി.എം മെയിന്‍ഫ്രെയിം കോഴ്‌സ്, എം.ഇ.പി (മെക്കാനിക്കല്‍, ഇലക്ട്രോണിക്, പമ്പിങ്) ഡിസൈന്‍, ഹൗസ് കീപ്പിങ്, ഓട്ടോമൊബൈല്‍ എന്നീ കോഴ്‌സുകളാണ് പുതുതായി തുടങ്ങുന്നത്. ഒരു കോഴ്‌സിലേക്ക് 35 പേരെയാണ് തിരഞ്ഞെടുക്കുന്നത്. നിലവില്‍ ഏഴ് സ്റ്റാഫുള്ള സ്ഥാപനത്തില്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ 40 ശതമാനം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ പരിശീലനത്തിന് നാല് റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഐ.ടി റൂമും ഹെവി മെഷിനറി റൂമും മികച്ച സാങ്കേതിക നിലവാരമാണ് പുലര്‍ത്തുന്നത്. കൂടാതെ അഞ്ച് സ്മാര്‍ട്ട് ക്ലാസ് റൂമുകളും ഇ- ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.
കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ മുന്നോട്ട് വെയ്ക്കുന്ന തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്താന്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ഡിസംബറില്‍ സ്‌കില്‍ മിത്ര സംഘടിപ്പിക്കും. റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ജനറേറ്റര്‍, സോളാര്‍ തുടങ്ങി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.