ജനാധിപത്യസംവിധാനത്തില്‍ പോളിങ്  ഏജന്റുമാര്‍, കള്ളവോട്ട് തടയുന്നതിനുള്ള പ്രധാന വ്യവസ്ഥാപിത മാര്‍ഗമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. മംഗല്‍പാടി പഞ്ചായത്ത് ഹാളില്‍ പോളിങ് ഏജന്റുമാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോളിങ് ബൂത്തില്‍ ഏജന്റുമാര്‍ക്കുള്ള ചുമതലകള്‍ അദ്ദേഹം വിശദീകരിച്ചു . ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ ഏജന്റിനെ വോട്ടെടുപ്പ് സമയത്ത് പോളിങ് ബൂത്തില്‍ ഭീഷണിപ്പെടുത്തുകയോ, ബൂത്തിലിരിക്കുന്നത് തടയുകയോ ചെയ്താല്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി വോട്ടെടുപ്പ് കേന്ദ്രത്തിലേക്ക് കടക്കുന്ന മുഴുവന്‍ വോട്ടര്‍മാരുടെയും തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതത് പോളിങ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് പോളിങ് ഏജന്റിന് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആള്‍മാറാട്ടവും കള്ളവോട്ടും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ഇത് തടയുന്നതിന് നിലവിലുള്ള സംവിധാനം സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ബൂത്തുകളിലിരിക്കുന്ന പോളിങ് ഏജന്റുമാരിലൂടെയാണ് പ്രായോഗികമാവുന്നത്.