മാലിന്യ പ്രശ്നത്തിന് പരിഹാരമായി കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷന്‍ പരിസരത്ത് തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിച്ചു. ഹരിത കേരളം മിഷന്‍റെ ഹരിത പെരുമാറ്റച്ചട്ട നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കോട്ടയം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മാലിന്യ സംസ്കരണം സജീവമാക്കിയത്.

ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്ന  രണ്ടു ചേംബര്‍ പ്ലാന്‍റ് സജ്ജമാക്കാന്‍ രണ്ടു ലക്ഷം രൂപ ചിലവഴിച്ചു. പ്ലാന്‍റില്‍ മാലിന്യങ്ങള്‍ 120 ദിവസം സൂക്ഷിച്ച് എനോക്വലിന്‍ ലായനി ചേര്‍ത്ത് വളമാക്കി മാറ്റും. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ജൈവവളം സ്റ്റേഷന്‍ പരിസരത്ത് തയ്യാറാക്കുന്ന ശലഭോദ്യാനത്തില്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. അജൈവ  മാലിന്യങ്ങള്‍ ശേഖരിച്ച് ഹരിത കര്‍മ്മസേനയ്ക്ക്  കൈമാറും.

സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍റെ ഭാഗമായി നഗരസഭാ പരിധിയില്‍ വിവിധയിടങ്ങളിലായി 68 പ്ലാന്‍റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. നാലെണ്ണം അന്തിമഘട്ടത്തിലാണ്. പുതിയതായി 276  പ്ലാന്‍റുകള്‍കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭയ്ക്കാണ് നിര്‍വഹണ ചുമതല.

റെയില്‍വേ പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍  മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. പി ആര്‍ സോന  മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍  ബിന്ദു സന്തോഷ് കുമാര്‍, നഗരസഭാംഗങ്ങള്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി .രമേശ്, റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.