പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ശുചിത്വ പൂഞ്ഞാര്‍ സുന്ദര പൂഞ്ഞാര്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ രണ്ടര ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങള്‍ അംഗീകൃത ഏജന്‍സിയായ എക്കോ ഫ്രണ്ട്ലി സൊല്യൂഷന് കൈമാറി.

ഹരിത കര്‍മ്മ സേന മുഖേന പഞ്ചായത്തു പരിധിയിലെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സ്പെഷ്യല്‍ ഡ്രൈവിലൂടെയാണ് ഇ- മാലിന്യങ്ങള്‍ ശേഖരിച്ചത്. ടിവി, ഫാന്‍, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, മിക്സി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും ജൈവ, അജൈവ, ഇലക്ട്രോണിക് മാലിന്യങ്ങള്‍ പഞ്ചായത്ത് കളക്ഷന്‍ സെന്‍ററില്‍ വേര്‍തിരിച്ച് സംഭരിക്കുന്നുണ്ട്.
നിലവില്‍ 30 രൂപ നിരക്കിലാണ് ഹരിത കര്‍മ്മ സേന മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. സ്പെഷ്യല്‍ ഡ്രൈവിലൂടെ ശേഖരിക്കുന്ന ഇ-മാലിന്യങ്ങള്‍ക്ക്
വരും മാസങ്ങളില്‍ എണ്ണത്തിനനുസരിച്ച് പ്രത്യേക യൂസര്‍ ഫീ ഈടാക്കും.

പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്‍റ് പ്രസാദ് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം രമേഷ് ബി.വെട്ടിമറ്റം അധ്യക്ഷനായി. ഹരിത കേരള മിഷന്‍ പ്രതിനിധി അന്‍ഷാദ് ഇസ്മായില്‍, ഹരിത സഹായം പ്രതിനിധികളായ സജിത്ത് വര്‍മ,അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.