ഗുരുകുലവിദ്യാഭ്യാസ സമ്പ്രദായവും റോബോട്ടിക്‌സും ഗണിതശാസ്ത്ര ചരിത്രവും ജീവജാലങ്ങളുടെ സംരക്ഷണവും സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട വേദിയായിരുന്നു സംസ്ഥാന യുവജനകമ്മീഷന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തിയ ശാസ്ത്രജ്ഞര്‍ക്കൊപ്പം എന്ന ഓപണ്‍ ഫോറം.
ഇന്ത്യയ്ക്കകത്തും പുറത്തും ശാസ്ത്ര ഗവേഷണ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച  പ്രൊഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ്, പ്രൊഫ. എ.എം. മത്തായി, പ്രൊഫ. പ്രദീപ് തലാപ്പില്‍, പ്രൊഫ. സത്യഭാമാദാസ് ബിജു, പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്ട് എന്നീ പ്രഗത്ഭരുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനുളളഅവസരമൊരുക്കി ഓപണ്‍ ഫോറം.
റോബോട്ടിക്‌സിന്റെ അനന്ത സാധ്യതകളെക്കുറിച്ചും നവീനാശയങ്ങളിലൂന്നിയുള്ള സംരംഭങ്ങളെക്കുറിച്ചും റോബോട്ടിക്സ് , ഹ്യുമനോയിഡ്സ്, ബയോമോര്‍ഫിക് റോബോട്ട്സ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധനായ പ്രൊഫ പ്രഹ്ളാദ് വടക്കേപ്പാട്ട് സംസാരിച്ചു. ഫെഡെറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റോബോട്ട്- സോക്കര്‍ അസോസിയേഷന്റെ (ഫിറ) സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹം സിംഗപൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമാണ്. ഗുരുകുല സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം കൂടുതല്‍ ഗുണംചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റോബോട്ടിക്‌സ് മേഖല ഒരേ സമയം ഗുണപ്രദവും വിവാദങ്ങളുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഈ മേഖല വികസിക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വലുതാണ്. എന്നാല്‍ ജോലി ചെയ്യാനാണോ മനുഷ്യന്‍ എന്നത് ഒരു മറുചോദ്യമാണ്. ഭിന്നശേഷിക്കാരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയും ഉപയോഗത്തിനുതകുന്ന അനേകം മാറ്റങ്ങള്‍ റോബോട്ടിക്‌സ് എന്ന മേഖലയിലെ ഗവേഷണഫലമായി വന്നിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യകുലത്തിന് ഭീഷണിയാവുമെന്ന് കരുതുന്നില്ലെന്നും പ്രഹ്‌ളാദ് വടക്കേപ്പാട്ട് പറഞ്ഞു.
50 മുതല്‍ 60 ശതമാനം വരെയുള്ള ജീവജാലങ്ങള്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാവുന്നുമെന്ന് ഡെല്‍ഹി സര്‍വകലാശാല പരിസ്ഥിതിപഠനവിഭാഗത്തിലെ സിസ്റ്റമാറ്റിക് ലാബ് മേധാവിയായ പ്രൊഫ സത്യഭാമ ദാസ് ബിജു പറഞ്ഞു. 1.7 ദശലക്ഷം വര്‍ഗം ജീവികളെയാണ് ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തിലുള്ള ജീവിവര്‍ഗങ്ങളുടെ എണ്ണം ഇതിലെത്രയോ മടങ്ങാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനായി പ്രദേശങ്ങള്‍ തിരിച്ച് മാപ്  തയ്യാറാക്കുമെന്നും ഇത് ഗൂഗിളുമായി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യം, ഉഭയജീവികള്‍ തുടങ്ങിയവയുടെ ഡാറ്റാബേസ് തയ്യാറാക്കി പൊതുജനത്തിന് നല്കുവാനും പദ്ധതിയുണ്ട്. വംശനാശം സംഭവിച്ച ജീവികളെ പുനരുജ്ജീവിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പ്രകൃത്യാലുള്ള കാരണങ്ങളാല്‍ വംശനാശം സംഭവിച്ചവയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ആവശ്യകത തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉഭയജീവികളുടെ സംരക്ഷണത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള പ്രൊഫ സത്യഭാമ ദാസ് ബിജു യൂണിവേഴ്‌സിറ്റി കോളേജ് പൂര്‍വവിദ്യാര്‍ത്ഥിയാണ്.
കഴിഞ്ഞ 200 വര്‍ഷം കൊണ്ട് എട്ട് ദശലക്ഷം രാസവസ്തുക്കളാണ് മനുഷ്യന്‍ നിര്‍മിച്ചത്. എന്നാല്‍ അടുത്ത 10 വര്‍ഷം കൊണ്ട് ഇതിലധികം രാസവസ്തുക്കളുണ്ടാക്കും. അത്രയും വ്യാപകമായാണ് രസതന്ത്രമേഖലയില്‍ ഗവേഷണങ്ങള്‍ നടക്കുന്നതെന്ന് മോളിക്യുലര്‍ കെമിസ്ട്രി, നാനോസ്‌കെയില്‍ മെറ്റീരിയല്‍സ്, നാനോസയന്‍സ് & നാനോടെക്നോളജി എന്നിവയില്‍ വിദഗ്ധനായ പ്രൊഫ പ്രദീപ് തലാപ്പില്‍ പറഞ്ഞു. മദ്രാസ് ഐഐടിയിലെ രസതന്ത്രവിഭാഗം അദ്ധ്യാപകനായ അ്‌ദ്ദേഹം താന്‍ വികസിപ്പിച്ചെടുത്ത വെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതിക രീതിയെക്കുറിച്ച് സംസാരിച്ചു. എട്ട് ദശലക്ഷം ആളുകള്‍ക്കാണ് ഈ മാര്‍ഗം ഉപയോഗിച്ച് ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നത്. ലോകമെമ്പാടുമുളള രസതന്ത്രലാബുകളില്‍ വിപ്‌ളവകരമായ പല ഗവേഷണങ്ങളും നടക്കുന്നുണ്ട്. ലാബുകളിലാണ് അടുത്ത വ്യവസായ വിപ്‌ളവം നടക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസത്രത്തില്‍ ഉന്നതവിദ്യാഭ്യാസം നടത്താനാവശ്യമായ പരിശീലനം നല്കണമെന്ന് സംസ്ഥാനത്തെ സെന്റര്‍ ഫോര്‍ മാത്തമറ്റിക്കല്‍ ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍  സയന്‍സസ് ഡയറക്ടര്‍ പ്രൊഫ എ എം മത്തായി  പറഞ്ഞു. സെന്ററിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ കുതുകികള്‍ക്കും നല്കിയിരുന്ന പരിശീലനം ഫണ്ടിന്റെ ലഭ്യതക്കുറവുമൂലം ഇപ്പോള്‍ തുടരാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താത്പര്യമുള്ളവര്‍ക്ക് കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാനുള്ള സാഹചര്യം വേണം. ഇന്ത്യന്‍ മാത്തമറ്റിക്കല്‍ സൊസൈറ്റി പ്രസിഡണ്ടും  സംസ്ഥാന സ്റ്റാറ്റിസ്റ്റികല്‍ കമ്മീഷന്‍ ചെയര്‍മാനുമായ എം എ മത്തായി കാനഡ മക്ഗില്‍ സര്‍വകലാശാല അധ്യാപകനാണ്.
ഗണിതശാസ്ത്രത്തോടുള്ള ഭയം ലോകമെമ്പാടുമുള്ളവരിലുണ്ടെന്ന് ഗണിതചരിത്രത്തില്‍ അഗ്രഗണ്യനായ പ്രൊഫ ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് പറഞ്ഞു. മനുഷ്യമുഖങ്ങളില്ലാത്ത ഗണിതപുസ്തകങ്ങളും ഈ വിഷയത്തെ ആളുകളില്‍ നിന്നകറ്റുന്നു. ഗണിതശാസ്ത്രം കൂടുതല്‍ മാനവിക സ്പര്‍ശമുള്ളതാക്കണം. 14 മുതല്‍ 16 വരെ നൂറ്റാണ്ടുകളില്‍ കേരളത്തിലുണ്ടായ ഗണിതശാസ്ത്ര വികസനം തുടരാന്‍ നമുക്കായില്ല. മാധവന്‍, പരമേശ്വരന്‍, ദാമോദരന്‍, നീലകണ്ഠന്‍, ശങ്കരവാര്യര്‍ തുടങ്ങി ഗണിതശാസ്ത്ര വിദഗ്ദ്ധര്‍ അക്കാലത്തുണ്ടായിരുന്നു. കേരളത്തിന്റെ ഈ സംഭാവനകള്‍ ഇപ്പോള്‍ അന്താരാ്ഷ്ട്ര സമൂഹം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്,  കേരളത്തിന്റെ ഗണിതശാസ്ത്ര സംഭാവനകളെക്കുറിച്ച് പാസേജ് ടു ഇന്‍ഫിനിറ്റി എന്ന പുസ്തകമെഴുതിയ ഗീവര്‍ഗീസ് ജോസഫ് പറഞ്ഞു.
ഗണിത ചരിത്രത്തില്‍ കപടവാദങ്ങള്‍ കടന്നു വരുന്നത് തടയാന്‍ ശാസ്ത്ര- യുക്തി ചിന്ത വളര്‍ത്തണമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എതു തത്വത്തിന്റെയും അറിവിന്റെയും വസ്തുതാന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഡ്യുക്കേഷനിലെയും കാനഡയിലെ മക് മാസ്റ്റര്‍ സര്‍വകലാശാലയിലെയും അധ്യാപകനാണ് ഗീവര്‍ഗീസ് ജോസഫ്.
യോഗത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജി. സന്തോഷ്‌കുമാര്‍, സംസ്ഥാന യുവജനകമ്മീഷന്‍ സെക്രട്ടറി ജോക്കോസ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.