കടൽക്ഷോഭത്തിന് ഇരയായ മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും പുനരധിവാസം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ പറഞ്ഞു . മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രം ഉദ്ഘാടനം വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 170 ആശുപത്രികളാണ് തീരദേശ മേഖലയിൽ അനുവദിച്ചിരിക്കുന്നത്. തീരദേശ മേഖലയിലെ സ്കൂളുകൾ  ഹൈടെക്കാകുകയാണ്. ജില്ലയിലെ തീരദേശ റോഡുകൾക്ക് 50 കോടി രൂപയാണ് നൽകിയത്. കടലാക്രമണ ഭീഷണി നേരിടുന്ന 50 മീറ്ററിനുള്ളിലെ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് ഡിസംബർ മാസത്തോടെ പുനരധിവസിപ്പിക്കുമെന്നും  മന്ത്രി പറഞ്ഞു.

മുൻകാലങ്ങളിൽ കടൽ മത്സ്യ ഉല്ലാദനം 4. O6 ലക്ഷം ടൺ ആയിരുന്നു ഇപ്പോഴത് 6 .O7 ലക്ഷം ടൺ ആയി മാറിയിട്ടുണ്ട്. ചെറു മത്സ്യ ബന്ധനം കർശനമായി നിയന്ത്രിക്കും. ജില്ലയിലെ 4 ഹാർബറുകളുടെ വികസനത്തിനായി     123 കോടി രൂപയാണ് ചെലവഴിച്ചത്.

മത്സ്യതൊഴിലാളി പരിശീലന കേന്ദ്രത്തിൽ മറ്റ് വകുപ്പുകളുടെ പരിശീലന പരിപാടികൾക്കും അവസരം നല്കും . കടൽ ചങ്ങായി എന്ന അപ്ളിക്കേഷൻ മത്സ്വത്തൊഴിലാളി സൗഹൃദമാണ്. കടലിൽ പോയി അപകടത്തിൽ പെടുന്നവരെ കണ്ടെത്താൻ ഇതുവഴി  കഴിയുയും.  കടലിൽ പ്ലാസ്റ്റിക്ക് മാലിന്യം തള്ളുന്നതിനെതിരെ ശക്തമായ നടപടിയും പ്രവർത്തനവും നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മത്സ്യബന്ധന മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് മത്സ്യത്തൊഴിലാളികൾക്ക് ആധുനിക മത്സ്യ ബന്ധന രീതികളെക്കുറിച്ചും കടൽ സമ്പത്ത് സംരക്ഷിക്കുക ,ജീവൻ സുരക്ഷാ പരിശീലനം നൽകുക എന്നീ ലക്ഷ്യത്തോടു കൂടി നബാർഡിന്റെ ധനസഹായത്തോടെയാണ് പരിശീലന കേന്ദ്രം തുടങ്ങിയത്.

കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്കും ഉദ്യോഗ സ്ഥർക്കും വകുപ്പ് തലത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക എന്നതാണ് പ്രധാനമായും ഈ കേന്ദ്രം ചെയ്യുന്നത് . ചടങ്ങിൽ കടൽ ചങ്ങായി മൊബൈൽ ആപ്ലിക്കേഷന്റെ അവതരണം നടന്നു .

എ പ്രദീപ് കുമാർ എം എൽ എ അധ്യക്ഷനായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി കെ സുധീർ കിഷൻ സ്വാഗതം പറഞ്ഞു. പുരുഷൻ കടലുണ്ടി എംഎൽഎ, ജില്ലാ കലക്ടർ സാംബശിവറാവു,  ദുരന്തനിവാരണ  ഡെപ്യൂട്ടി കലക്ടർ ഷാമിൻ വി സെബാസ്റ്റ്യൻ, അസി .കലക്ടർ ഡി.ആർ മേഘശ്രീ,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

                                                                              കടൽ ചങ്ങായി

ഓഖി ദുരന്തത്തിലും ഇക്കഴിഞ്ഞ മഹാ പ്രളയത്തിലും കേരളത്തെ കൈപിടിച്ചുയർത്തിയ നമ്മുടെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി ഫിഷറീസ് വകുപ്പും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചും (NCCR) സംയുക്തമായി രൂപകൽപന ചെയ്ത മൊബൈൽ ആപ്ലിക്കേഷനാണ് കടൽ ചങ്ങായി.

മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് കാലാവസ്ഥ അറിയിപ്പുകളും, മത്സ്യ സമ്പുഷ്ട ഇടങ്ങളുടെ വിവരങ്ങളും  ലഭ്യമാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പുകൾ സ്വീകരിക്കുവാനും, അപായസന്ദേശങ്ങൾ അയക്കുവാനും, മത്സ്യബന്ധനത്തിനിടെ അസാധാരണമായി തോന്നുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുവാനും IOT അടിസ്ഥാന പെടുത്തി ജില്ലാ ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അലർട്ട് സംവിധാനവും ഈ മൊബൈൽ അപ്ലിക്കേഷന്റെ  സവിശേഷതകളാണ്. മലയാളത്തിലും ഇംഗ്ലീഷിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.

മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി മത്സ്യബന്ധനത്തിൽ ഏർപ്പെടാനും, രക്ഷാപ്രവർത്തനം കാര്യക്ഷമമായി ഏകോപിപ്പിക്കാനും  ഈ ആപ്ലിക്കേഷൻ സഹായകരമാകും. മത്സ്യതൊഴിലാളികൾക്ക് ഈ ആപ്ലിക്കേഷനിൽ ഒരു പരിശീലനം സംഘടിപ്പിക്കും. അതിനുശേഷം ഉടൻ തന്നെ  പ്ലേ സ്റ്റോറിൽ ലഭ്യമാക്കും.