ജില്ലയിലെ കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച തീരദേശ റോഡുകളുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ മേഴ്സി കുട്ടിയമ്മ നിർവഹിച്ചു. വെള്ളയിൽ പുലിമുട്ടിന്റെ നീളം കൂട്ടാൻ സർക്കാർ 22.53 ലക്ഷമാണ് അനുവദിച്ചതെന്ന് ജെ മേഴ്സി കുട്ടിയമ്മ പറഞ്ഞു.  ഹാർബർ നിർമ്മാണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പഠിച്ച് പരിഹരിച്ച ശേഷമാണ് നിർമാണം ടെണ്ടർ ചെയ്ത് നടപടികൾ പുരോഗമിക്കുന്നത്. വെള്ളയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് നേരത്തെ 6.5 കോടിയും അനുവദിച്ചിട്ടുണ്ട്. ഈ സർക്കാർ വന്നതിന് ശേഷം 20 കോടി നിക്ഷേപിച്ചാണ് കൊയിലാണ്ടി ഹാർബർ നിർമ്മാണം പൂർത്തീകരിച്ചത്. കണ്ണൂർ തലായിലും തൃശൂർ ചേറ്റുവയിലും ഹാർബറുകൾ കമിഷൻ ചെയ്തു. ഇതിനെല്ലാം ചെലവഴിച്ച തുക കേന്ദ്ര സർക്കാർ തരേണ്ടതാണ്. ചെലവഴിച്ച 98 കോടിയാണ് കേന്ദ്ര സർക്കാറിൽ നിന്ന് ലഭിക്കാനുള്ളത്. ഇത് ലഭിക്കാത്തതാണ് തീരദേശ മേഖല നേരിടുന്ന ഗൗരവമായ പ്രശ്നം.
പരപ്പനങ്ങാടിയിൽ 112 കോടി അനുവദിച്ച് കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ഹാർബർ നിർമ്മിക്കുന്നത്.

തീരദേശത്തെ ജീവിത നിലവാരം ഉയർത്താൻ സ്ഥലം വാങ്ങി വീടുവെക്കാൻ 10 ലക്ഷം വീതം അനുവദിക്കും. ഹാർബറിലെ മണ്ണു നീക്കാൻ സ്ഥിരം സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി 5 വർഷത്തേക്ക് ഏജൻസികൾക്ക് കരാർ നൽകും. മത്സ്യത്തിന് ന്യായവില തൊഴിലാളികൾക്ക് കിട്ടുന്ന തരത്തിൽ തൊഴിലാളികളുടെയും കച്ചവടക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടുള്ള നിയമനിർമ്മാണം നടത്താനുള്ള നീക്കത്തിലാണ് സർക്കാറെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.മണ്ഡലത്തിലെ വാർഡ്- 72 ലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭട്ട് റോഡ് ധോബി ഘാന – ജംഗ്ഷൻ – പൂഴിയിൽ റോഡ് – മണൽ മസ്ജിദ് റോഡും ധോബിഘാന – വരക്കൽ – ബി എം ഇ ഐസ് ഫാക്ടറി റോഡും പ്രവൃത്തി പൂർത്തികരിച്ചത്.

എ പ്രദീപ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.കോർപറേഷൻ കൗൺസിലർ ആശാ ശശാങ്കൻ, ടി വി നിർമ്മലൻ, അഡ്വ. എ.കെ സുകുമാരൻ, കെ ഷൈബു, സി.എം കരുണാകരൻ, ജയൻ, സി.പി ഹമീദ്, എൻ വി ബാബുരാജ്, പി വി നവീന്ദ്രൻ, ഷർമദ്ഖാൻ, എൻ കെ മഹേഷ് എന്നിവർ സംസാരിച്ചു. ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനിയർ ജോസ് മാത്യു സ്വാഗതവും കോഴിക്കോട് ഡിവിഷൻ എക്സിക്യുട്ടീവ് എഞ്ചിനിയർ എം എ മുഹമ്മദ് അൻസാരി നന്ദിയും പറഞ്ഞു.