കോട്ടയം: ഈരാറ്റുപേട്ട ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പേനകള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് സാമഗ്രികളെ പടിക്കു പുറത്താക്കാന്‍ ഒരുങ്ങുകയാണ്. ഹരിത കേരളം മിഷന്‍റെ ഭാഗമായി സമ്പൂര്‍ണ്ണ ഹരിത വിദ്യാലയമാകുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് പേനകള്‍ക്കു പകരം വിദ്യാര്‍ഥികള്‍തന്നെ തയ്യാറാക്കിയ പേപ്പര്‍ പേനകളാകും ഉപയോഗിക്കുക.
ആദ്യഘട്ടത്തില്‍ യു.പി വി ഭാഗത്തിലെ 30 കുട്ടികള്‍ക്കാണ് പേപ്പര്‍ പേന നിര്‍മാണത്തില്‍ പരിശീലനം നല്‍കിയത്. ഇവര്‍ നിര്‍മിച്ച ഇരുനൂറിലധികം പേനകള്‍ മറ്റ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്തു.
സ്കൂളിലെ വിവിധ ബ്ലോക്കുകളില്‍ പെന്‍ ഡ്രോപ്  ബോക്സുകള്‍ സ്ഥാപിക്കും. ഉപയോഗശൂന്യമാകുന്ന പേനകള്‍ വിദ്യാര്‍ഥികള്‍ക്ക് ഇതില്‍ നിക്ഷേപിക്കാം. വിത്തു പേനകള്‍ നിര്‍മിക്കാനും സ്കൂളിന് പദ്ധതിയുണ്ട്.
ഹരിത വിദ്യാലയം സജ്ജീകരിക്കുന്നതിന്‍റെ ഭാഗമായി അദ്ധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്കൂള്‍ മൈതാനത്ത് ശലഭോദ്യാനമൊരുക്കും. ജൈവ കൃഷി, മാലിന്യ സംസ്കരണം, ജലവിഭവ സംരക്ഷണം തുടങ്ങിയവയിലും തുണി സഞ്ചി നിര്‍മാണത്തിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കും.
ഹരിത വിദ്യാലയം പ്രവര്‍ത്തനങ്ങളുടെ  ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ സി.കെ ആനന്ദകുമാര്‍ നിര്‍വ്വഹിച്ചു. ഹരിത കേരളം മിഷന്‍ പ്രതിനിധി അന്‍ഷാദ് ഇസ്മായില്‍ പദ്ധതി വിശദീകരണം നടത്തി. അധ്യാപകരായ സിബി സെബാസ്റ്റ്യന്‍, റെനി ജേക്കബ്, കെ.എ കുഞ്ഞമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.