കൊച്ചി: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുളള സ്‌കോളര്‍ഷിപ്പിനുളള 2018-19 അധ്യയന വര്‍ഷത്തെ പട്ടികവര്‍ഗ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി 2017-18 അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠനം നടത്തുന്ന ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുപ്പ് മത്സരപരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട, വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ കവിയാത്ത വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷയില്‍ പങ്കെടുക്കാം.
പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്, ആണ്‍കുട്ടിയോ, പെണ്‍കുട്ടിയോ, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം ഫെബ്രുവരി അഞ്ചിന് മുമ്പായി മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ, ആലുവ/ഇടമലയാര്‍ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസിലോ നല്കണം.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനുമുളള ധനസഹായം നല്‍കും. 10-ാം ക്ലാസ് വരെയുളള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും നല്കൂം.
 കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് (ഫോണ്‍ 0485-2814957), ആലുവ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് (9496070360), ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് (9496070361) എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.