പുരാരേഖകൾ കാണാൻ കൂട്ടുകാരെത്തി

കുട്ടികൾ ആർക്കൈവ്സിന്റെ കൂട്ടുകാർ പരിപാടിയുടെ ഭാഗമായി മണക്കാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ സെൻട്രൽ ആർക്കൈവ്സ് സന്ദർശിച്ചു. ദ്വിദിന സമ്പർക്കപരിപാടിയുടെ ഉദ്ഘാടനം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ചരിത്രത്തിന്റെ അമൂല്യശേഷിപ്പുകൾ കുട്ടികൾ നേരിട്ട് കണ്ടറിയണമെന്നും എങ്കിൽ മാത്രമേ ചരിത്രത്തിന്റെ അനുഭൂതി അവരിൽ ഉളവാകുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യയുടെ നടുവിൽ ജീവിക്കുന്ന പുതുതലമുറ നാടിന്റെ ഭൂതകാല ചരിത്രവും ചുറ്റുപാടുകളും ജീവിതവും സംസ്‌കാരവും വ്യക്തമായി അറിഞ്ഞിരിക്കണം. സംസ്‌കാരവും സംസ്‌കൃതിയും പഠനത്തിന്റെ ഭാഗമായി മുന്നോട്ടു കൊണ്ടുപോകാനാകണമെന്നും അദ്ദേഹം പറഞ്ഞു.  എട്ട്, ഒൻപത് ക്ലാസുകളിലെ നൂറോളം കുട്ടികളാണ് ആർക്കൈവ്സ് സന്ദർശിക്കാനെത്തിയത്. സെൻട്രൽ ആർക്കൈവ്സിൽ സൂക്ഷിച്ചിട്ടുള്ള ഒരു കോടിയിലധികം വരുന്ന താളിയോലകൾ, ഭരണരേഖകൾ എന്നിവ കുട്ടികളെ ഉദ്യോഗസ്ഥർ പരിചയപ്പെടുത്തി. സാംസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.ഗീത, പുരാരേഖ ഡയറക്ടർ ജെ. റെജികുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.