സാമ്പത്തിക പ്രതിസന്ധി ഉള്ള സാഹചര്യത്തില്‍ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ സംരംഭകരുടെ സഹായം തേടുന്നത് ഗുണകരമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കല്ലുത്താന്‍ കടവില്‍ നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മറ്റ് പല കാര്യങ്ങളിലും കേരളം മുന്നിലാണെങ്കിലും സാമ്പത്തിക കാര്യത്തില്‍ ഇന്നും പിന്നിലാണ്. രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരം പദ്ധതികള്‍ വേണ്ടെന്നുവച്ചാല്‍ നാടിന്  ഗുണകരമായ പദ്ധതികള്‍ നഷ്ടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാഡ്‌ക്കോയുടെ സഹായത്തോടെ 60 കോടി രൂപ മുതല്‍ മുടക്കിയാണ്  കല്ലുത്താന്‍ കടവ് ഭവന പദ്ധതിയും പുതിയ മാര്‍ക്കറ്റ് നിര്‍മ്മാണം നടക്കുന്നത്.  12 കോടി രൂപയാണ് ഫ്‌ളാറ്റ് നിര്‍മാണത്തിന് വിനിയോഗിച്ചത്. ബാക്കി തുക  അന്താരാഷ്ട്ര നിലവാരത്തിലുള്ള പഴം പച്ചക്കറി മാര്‍ക്കറ്റ് നിര്‍മ്മാണത്തിന് വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബി.ഒ.ടി അടിസ്ഥാനത്തില്‍ മുന്‍പും സംസ്ഥാനത്ത് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കല്ലുത്താന്‍ കടവ്, ധോബിവാല, സത്രം കോളനി എന്നിവിടങ്ങളില്‍ ദുരിത ജീവിതം നയിച്ചിരുന്നവരുടെ സ്വപ്നഭവനം യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കല്ലുത്താന്‍ കടവ് കോളനിയിലെ 87 കുടുംബങ്ങള്‍, സത്രം കോളനിയിലെ 27 കുടുംബങ്ങള്‍, 13 ധോബിവാല കുടുംബങ്ങള്‍ എന്നിവരാണ് പുതിയ സമുച്ചയത്തിലേക്ക് മാറുന്നത്. മറ്റ് സൗകര്യങ്ങള്‍ക്കൊപ്പം അത്യാവശ്യ സമയങ്ങളില്‍ ഉപയോഗിക്കുന്നതിനായി ജനറേറ്റര്‍ സൗകര്യവുമുണ്ട്. ഫ്ളാറ്റ് പരിപാലനത്തിന് ഗുണഭോക്താക്കളുടെ സൊസൈറ്റിയും രൂപീകരിച്ച് മാതൃകാപരമായി ചേരി പുനരധിവാസ പദ്ധതിയില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മിക്കാന്‍ മുന്‍കയ്യെടുത്ത നഗരസഭയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നാല് മിഷനുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ജനങ്ങള്‍ സഹകരണവുമായി അണിനിരന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പൊതുവിദ്യാലയ സംരക്ഷണ യജ്ഞം.  കേരളത്തിലെ സ്‌കൂളുകള്‍ മികവിന് കേന്ദ്രങ്ങളായി മാറ്റാന്‍ സാധിച്ചു. 45000 ക്ലാസുകള്‍ ഹൈടെക്കായി. ഇതൊക്കെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നാടിന്റെ പങ്കാളിത്തത്തോടെയാണ് യാഥാര്‍ത്ഥ്യമാക്കിയത്. മൂന്നു വര്‍ഷം കൊണ്ട് 5 ലക്ഷത്തിലധികം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ എത്തിയത്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ചര്‍ച്ച ചെയ്തിടത്ത് കുട്ടികളുടെ എണ്ണം കൂടിയത് ചര്‍ച്ചചെയ്യുന്ന സാഹചര്യമുണ്ടായി. ഇല്ലായ്മ എന്ന വാക്കിനെ ഇല്ലാതാക്കി സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന രീതിയിലാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത് . അതുകൊണ്ടുകൂടിയാണ് നീതി ആയോഗ് വിദ്യാഭ്യാസ മികവില്‍ മികച്ച സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതു ആരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുന്ന ആര്‍ദ്രം മിഷന്‍ കുടുംബ ഡോക്ടര്‍ എന്ന ആശയമാണ് നിറവേറ്റാന്‍ ഒരുങ്ങുന്നത്. ആരോഗ്യരംഗത്ത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് കേരളം. ആവശ്യത്തിലധികം പണമുള്ളത് കൊണ്ടല്ല ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടു മാത്രമാണ് സര്‍ക്കാര്‍ ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകുന്നത്. ലൈഫ് ഭവന പദ്ധതിയില്‍ ഈ വര്‍ഷം രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപ്രതീക്ഷിതമായി പ്രളയം ഉണ്ടായപ്പോള്‍ ചില തടസ്സങ്ങള്‍ ഉണ്ടായെങ്കിലും വീടുകളുടെ നിര്‍മ്മാണ പ്രവൃത്തി അതിവേഗത്തിലാണ് പൂര്‍ത്തിയാവുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ജില്ലാ കളക്ടര്‍മാരുടെ ഇടപെടലിലൂടെ അത് പൂര്‍ത്തീകരിച്ചു മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മറ്റു മിഷനുകള്‍ വിജയകരം ആണെങ്കിലും ഹരിത കേരള മിഷന്‍ കാര്യത്തില്‍ ഗൗരവത്തോടെ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. പൊതുശുചീകരണം നദി, കുളം സംരക്ഷണം എന്നിവയിലെല്ലാം പൊതുബോധം വന്നിട്ടുണ്ട.് എന്നാല്‍ മാലിന്യസംസ്‌കരണ കാര്യത്തില്‍ ഇനിയും ഏറെ മുന്നേറാനുണ്ട്.  ഇത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു മാലിന്യ സംസ്‌കരണ  കേന്ദ്രങ്ങളെ ആളുകള്‍ മുന്‍വിധിയോടെ കാണുകയാണ്. പരിഷ്‌കൃതമായ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളാണ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ബുദ്ധിമുട്ടുണ്ടാകുമെന്ന ചിന്താഗതി മാറ്റിവെച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ നടപ്പാക്കാന്‍ പോകുന്ന മാലിന്യസംസ്‌കരണ പദ്ധതിയോട് മുഴുവന്‍ ആളുകളും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു
ഫ്‌ലാറ്റിലെ 316 എസ് ഭവനത്തിലെ കുടുംബനാഥ സരോജിനി ഗോവിന്ദന്  താക്കോല്‍ നല്‍കി മുഖ്യമന്ത്രി ഫ്‌ളാറ്റ് കൈമാറ്റം നിര്‍വഹിച്ചു. ഇന്ത്യയിലാദ്യമായി ഭവനരഹിതരില്ലാത്ത – ഭൂരഹിതരില്ലാത്ത നാട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന സംസ്ഥാനമാണ് കേരളമെന്നതില്‍  അഭിമാനിക്കാമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചതദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ഒരുപാട് കാലം ദുരിതപൂര്‍ണമായി ജീവിച്ചവര്‍ ഇന്ന് ഏറെ സന്തോഷത്തോടെയാണ് പുതു ജീവിതത്തിലേക്ക് കടക്കുന്നത്. ആധുനിക സൗകര്യത്തോടെയുള്ള ഫ്‌ളാറ്റില്‍ കൂട്ടു കുടുംബ വ്യവസ്ഥയില്‍ സമൂഹത്തിന് മുന്നില്‍ മാതൃകാപരമായ ജീവിതം കാഴ്ചവെക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  കല്ലുത്താന്‍കടവില്‍ 140 ഫ്‌ളാറ്റുകളാണ്
നിര്‍മ്മിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
 ചടങ്ങില്‍ പുതിയ പഴം, പച്ചക്കറി മാര്‍ക്കറ്റ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയതു. മഴക്കാലത്ത് അങ്ങേയറ്റം ദയനീയാവസ്ഥയായിരുന്നു കല്ലുത്താന്‍ കടവ് കോളനിയിലേത്. പുതിയ സമുച്ചയം നിര്‍മിച്ച കോര്‍പ്പറേഷനും സഹകരിച്ച ജനങ്ങള്‍ക്കും സര്‍ക്കാറിന്റെ പേരില്‍ നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു.  ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്രയമായി നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്ന മാര്‍ക്കറ്റ് കോംപ്ലക്‌സ് ഉള്‍പ്പെടെ ഉളള വികസന പദ്ധതികളിലും മുഴുവന്‍ ആളുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു. പുറം സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ പച്ചക്കറി എത്തുന്ന മാര്‍ക്കറ്റ് എന്ന പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി മാര്‍ക്കറ്റിന്റെ പണി പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ച കാഡ്‌കോ പ്രതിനിധികള്‍ക്ക് ചടങ്ങില്‍ മന്ത്രി എ.സി മൊയ്തീന്‍ ഉപഹാരം നല്‍കി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എംപി, എംഎല്‍എമാരായ വികെസി മമ്മദ് കോയ, എ പ്രദീപ്കുമാര്‍, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, മുന്‍ മേയര്‍മാരായ കെ പ്രേമജം സിജെ റോബിന്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഫ്‌ളാറ്റിലെ താമസക്കാര്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു