സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സെക്രട്ടേറിയറ്റിലെ സൗത്ത് സാൻവിച്ച് ബ്‌ളോക്കിന് സമീപം സംഘടിപ്പിച്ച ചരിത്ര ഫോട്ടോപ്രദർശനം നാളെ (നവംബർ 7) സമാപിക്കും. സെക്രട്ടേറിയറ്റിന്റെ ചരിത്രവും മന്ത്രിസഭകളെക്കുറിച്ചും കേരളം ഭരിച്ച മുഖ്യമന്ത്രിമാരെക്കുറിച്ചുമുള്ള വിവരങ്ങൾ കോർത്തിണക്കിയാണ് ഫോട്ടോപ്രദർശനം ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് വൈകിട്ട് അഞ്ച് മുതൽ രാത്രി ഒമ്പതു മണി വരെ പ്രദർശനം കാണാൻ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ. എം. എസ് നമ്പൂതിരിപ്പാടു മുതലുള്ളവരുടെ സത്യപ്രതിജ്ഞയുടെ ചിത്രങ്ങൾ ഒരു ഭാഗത്ത് ഒരുക്കിയിട്ടുണ്ട്. പഴയ നിയമസഭാ ഹാൾ, പഴയ സെക്രട്ടേറിയറ്റ് മന്ദിരം, തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിരി തിരുനാൾ ബാലരാമവർമ ചുമതലയേറ്റ ശേഷം ദർബാർ ഹാളിന് മുന്നിൽ നിന്ന് സല്യൂട്ട് സ്വീകരിക്കുന്നത്, ദർബാർ ഹാളിൽ നടന്ന രാജാവിന്റെ ദർബാർ, സെക്രട്ടേറിയറ്റിന് മുകളിലെ നാഴികമണിയുടെ കഥ തുടങ്ങി രസകരവും കൗതുകകരവുമായ നിരവധി വിവരങ്ങളും ഫോട്ടോകളും പ്രദർശനത്തിലുണ്ട്. കേരളത്തിന്റെ ഭരണ സംവിധാനത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ് പ്രദർശനം വിശദമാക്കുന്നത്. വിദ്യാർഥികളുൾപ്പെടെ നിരവധി പേരാണ് ദിനവും പ്രദർശനം കാണാനെത്തുന്നത്.
2019 ആഗസ്റ്റ് 23നാണ് സെക്രട്ടേറിയറ്റ് മന്ദിരത്തിന് 150 വർഷം പൂർത്തിയായത്. 1869 ജൂലൈ എട്ടിനാണ് ആയില്യം തിരുനാൾ മഹാരാജാവ് മന്ദിരം ഉദ്ഘാടനം ചെയ്തതെങ്കിലും ആഗസ്റ്റ് 23നാണ് ഓഫീസുകൾ പ്രവർത്തനം തുടങ്ങിയത്. രണ്ടു വർഷം കൊണ്ട് പണി തീർക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നാലു വർഷമെടുത്തു. പബ്‌ളിക് ഓഫീസ് പണിയെന്നാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പിന്റെ രേഖകൾ.