ഭരണതലത്തില്‍ ഉപയോഗിക്കുന്ന ഭാഷ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മനസിലാകും വിധം ലളിതവും വ്യക്തവുമായിരിക്കണമെന്ന് ഔദ്യോഗിക ഭാഷാ വകുപ്പിലെ ഭാഷാ വിദഗ്ധന്‍ ആര്‍. ശിവകുമാര്‍ നിര്‍ദേശിച്ചു. ഭരണഭാഷാ വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് ഭരണ ഭാഷ – തത്ത്വവും പ്രയോഗവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനക്ഷേമത്തിനുവേണ്ടിയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഫയലുകളിലും കത്തിടപാടുകളിലും സാധാരണക്കാരന് വേഗം മനസിലാകുന്ന ലളിതമലയാളം ഉപയോഗിക്കേണ്ടതുണ്ട്. വാക്യതലത്തില്‍ ഉണ്ടാകുന്ന ചെറിയ പിശകുകള്‍ അര്‍ത്ഥതലത്തിലുണ്ടാക്കുന്ന വ്യതിയാനം വളരെ വലുതായിരിക്കും. പിശകുകള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും സേവനങ്ങള്‍ വൈകുന്നതിന് കാരണമാകുകയും ചെയ്യും.
വാക്കുകളും വാചകങ്ങളും പരിഭാഷയും ലളിതവത്കരിച്ചുകൊണ്ട് ജനങ്ങളോട് കൂടുതല്‍ അടുത്തു നില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശ്രമിക്കണം-അദ്ദേഹം നിര്‍ദേശിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാല എ.ഡി.എം അലക്സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ ടി.കെ. വിനീത്, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ഹുസൂര്‍ ശിരസ്തദാര്‍ ബി. അശോക്, എം.ആര്‍. രഘുദാസ് തുടങ്ങിയവര്‍ സന്നിഹിതരായി.
വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തഹസില്‍ദാര്‍മാര്‍, കളക്ടറേറ്റിലെ വിവിധ ഓഫീസുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.