ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ള സന്നദ്ധസേവന സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ഉള്‍പ്പെടുത്തി  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സൊസൈറ്റി കണ്‍സല്‍ട്ടേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ പദ്ധതി മാര്‍ഗ്ഗരേഖ തയ്യാറാക്കി, കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.

കഴിഞ്ഞ രണ്ടു പ്രളയത്തെ മുന്‍നിര്‍ത്തി ജില്ലയെ അടിയന്തര ഘട്ടത്തെ നേരിടാന്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു യോഗം സംഘടിപ്പിച്ചത്. സംഘടനകളുടെ നേതൃത്വത്തില്‍ ജനങ്ങളുടെ പങ്കാളിത്തമുറപ്പിച്ചു കൊണ്ട് ദുരന്തഘട്ടങ്ങളില്‍ എങ്ങനെ മുന്നോട്ടു പോകാം എന്നതിനെ കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്തത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട ഫോണ്‍ നമ്പറുകള്‍, അവശ്യ വസ്തുക്കളുടെ ലഭ്യത തുടങ്ങി അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട വിവരങ്ങള്‍ അടങ്ങിയ ഡയറക്ടറിയും തയ്യാറാക്കുമെന്നും യോഗം അറിയിച്ചു.

താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി, സ്ഫിയര്‍ ഇന്ത്യ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി നീനു, കമ്മ്യൂണിറ്റി മൊബിലൈസര്‍ കെ വി റംഷീന തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ 60 ഓളം സന്നദ്ധ സംഘടന പ്രതിനിധികളും 40 ഓളം വ്യക്തികളും  പങ്കെടുത്തു.

ജില്ലാ ദുരന്ത നിവാരണ പദ്ധതി മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിലേക്കായി കഴിഞ്ഞദിവസം വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാരുടെ യോഗവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു.

ദുരന്തസാധ്യതയുള്ള മേഖലകള്‍ കണ്ടെത്തല്‍, ദുരന്തമൊഴിവാക്കാന്‍ സ്വീകരിക്കാവുന്ന നടപടികള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം, പഞ്ചായത്ത് തലം മുതല്‍ ജില്ലാ തലംവരെ വിവിധ മേഖലകളില്‍ എടുക്കേണ്ട മുന്‍കരുതലുകളും നടപടികളും തുടങ്ങിയ കാര്യങ്ങള്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ വിശദമായി ചര്‍ച്ച ചെയ്തു. ദുരന്തനിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും മാര്‍ഗരേഖയും അതത് വകുപ്പുകള്‍ ഉടന്‍  നല്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.