ഇടുക്കി: കട്ടപ്പന നഗരസഭയിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കേരളോത്സവം 2019 ന് തുടക്കമായി. യുവജനങ്ങളുടെ സർഗ്ഗശേഷിയെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന യുവജനക്ഷേമ ബോർഡും കട്ടപ്പന നഗരസഭയും സംയുക്തമായി നടത്തുന്ന കേരളോത്സവം 2019  നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി  ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ഗവ.കോളേജ് മൈതാനത്ത് കേരളോത്സവത്തിന്
തുടക്കം കുറിച്ച് 20 ട്വന്റി ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി നഗരസഭാ മുൻ ചെയർമാൻ മനോജ് എം തോമസ് എറിഞ്ഞു നല്കിയ ബോളിന് നിലവിലെ ചെയർമാൻ ജോയി വെട്ടിക്കുഴി ബാറ്റു കൊണ്ട് മറുപടിയേകി.
കലാകായിക രംഗത്ത് താല്പര്യമുള്ളവർക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള അവസരമാണ്
കേരളോത്സവത്തിലൂടെ ലഭിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം ഇതര മേഖലകളിലേക്ക് കടന്നു പോയ യുവജനങ്ങൾക്ക്   ഇത് ഏറെ പ്രയോജനപ്രദമാണെന്നും ചെയർമാൻ പറഞ്ഞു.
 കട്ടപ്പന ഗവ. ട്രൈബൽ സ്കൂൾ, സെൻറ് ജോർജ് സ്കൂൾ മൈതാനം,ഗവ.കോളേജ് മൈതാനം,  എന്നിവിടങ്ങളിലായാണ് കലാ-കായിക -ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. കലാമത്സരത്തിന് 49 ഇനങ്ങളും കായിക മത്സരത്തിന് 14 ഇനങ്ങളും ഗെയിംസിന് ആറ് മത്സര ഇനങ്ങളുമാണുള്ളത്.
ഉദ്ഘാടന യോഗത്തിന് നഗരസഭാ വൈസ് ചെയർപേഴ്‌സൺ  ലൂസി ജോയി അധ്യക്ഷത വഹിച്ചു.  നഗരസഭാ വിദ്യാഭ്യാസ – കലാകായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബെന്നി കല്ലൂപ്പുരയിടം സ്വാഗതവും വാർഡ് കൗൺസിലർ മഞ്ജു സതീഷ് നന്ദിയും പറഞ്ഞു. നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ തോമസ് മൈക്കിൾ, കൗൺസിലർമാർ, യൂത്ത് പ്രോഗ്രാം കോ-ഓർഡിനേറ്റർ സജീവ് കാവുള്ളാട്ട്,  വിവിധ സാംസ്കാരിക സംഘടനാ ഭാരവാഹികൾ, കേരളോത്സവം സബ് കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.