മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രഖ്യാപനം നടത്തി

കൊല്ലം: പെരിനാട് ഗ്രാമപഞ്ചായത്തിലെ വെള്ളിമണ്‍ പുലികുഴി കടവ് ആദ്യ മത്സ്യസംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. ജില്ലയില്‍ മത്സ്യസംരക്ഷിത പ്രദേശങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത അഞ്ചു പ്രദേശങ്ങളില്‍ ആദ്യത്തേതാണിത്. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ശാസ്ത്രീയമായ ഇടപെടലിലൂടെ ഉള്‍നാടന്‍ മത്സ്യമേഖലയുടെ പുനരുജ്ജീവനം സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും. തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പ്രാക്കുളം, അഷ്ടമുടി, പേരയം ഗ്രാമപഞ്ചായത്തിലെ പടപ്പക്കര, കാഞ്ഞിരംകോട് എന്നിവയുടെ സംരക്ഷണത്തിനായി രണ്ടു കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. രണ്ട് ഹെക്ടര്‍ പ്രദേശത്ത് കരിമീന്‍ പ്രജനനം ഊര്‍ജ്ജിതമാക്കുന്നതിനാണ് സംരക്ഷണ പ്രവര്‍ത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ കരിമീന്‍ കുഞ്ഞുങ്ങളെ കായലില്‍ നിക്ഷേപിച്ചു.

പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, മറ്റ് ജനപ്രതിനിധികളായ ആശാ ശശിധരന്‍, ഡോ. കെ. രാജശേഖരന്‍, സിന്ധു മോഹന്‍, എസ്. ശ്രീദേവി, വി. ശോഭ, വി. പ്രസന്നകുമാര്‍, എ. തോമസ്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എം. ശ്രീകണ്ഠന്‍, കയര്‍ഫെഡ് ഡയറക്ടര്‍ എസ്. എല്‍. സജികുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ഗീതാകുമാരി, പ്രൊജക്ട് അംഗം ഡോ. കെ.കെ. അപ്പുക്കുട്ടന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.