• കബഡിയില്‍ അയല്‍ക്കാര്‍

 

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച കബഡി-വോളിബോള്‍ ദേശീയ ടൂര്‍ണമെന്റായ കെ ഫോര്‍ കെ സമാപിച്ചു. പാതിരാവ് പിന്നിട്ട ആവശേനിമിഷങ്ങള്‍ അവസനിച്ചപ്പോള്‍ കേരളത്തിന്റെ പുരുഷ-വനിതാ ടീമുകള്‍ വോളിബോള്‍ കിരീടങ്ങള്‍ സ്വന്തമാക്കി. കബഡിയില്‍ ഇരു വിഭാഗത്തിലുമായി ബാംഗ്‌ളൂര്‍ – മാംഗ്‌ളൂര്‍ ടീമുകളാണ് കപ്പ് നേടിയത്.

കോരിച്ചൊരിഞ്ഞ മഴയെത്തുടര്‍ന്ന് രാത്രി ഒമ്പതു മണിയോടെയാണ് ഫൈനലുകള്‍ക്ക് തുടക്കമായത്. കബഡി മത്സരങ്ങള്‍ ആദ്യം തുടങ്ങി. പുരുഷ വിഭാഗത്തില്‍ കേരള പൊലിസിനെ 32-16ന് കീഴടക്കി എം. ഇ. ജി. ബാംഗ്‌ളൂര്‍ വിജയിച്ചു. വനിതാ വിഭാഗത്തില്‍ കേരളത്തെ 35-14 ന് തകര്‍ത്താണ് അല്‍വാസ് മാംഗ്ലൂര്‍ വിജയം നേടിയത്.

പിന്നാലെ നടന്ന വനിതാ വോളിബോളില്‍ ഏകപക്ഷീയമായ രണ്ട് സെറ്റിന് കേരള പൊലിസ് സെന്റ് ജോസഫ് ഇരിങ്ങാലക്കുടയെ കീഴടക്കി. (സ്‌കോര്‍ 25-13,21-25).
പുരുഷ വോളിബോള്‍ ഫൈനലില്‍ കേരള പൊലിസ് കെ. എസ്. ഇ. ബിയെ 17-25, 25-18, 25-17, 19-25, 13-15 ന് തോല്‍പിച്ച് കെ ഫോര്‍ കെ കിരീടം ചൂടി.

വിജയികള്‍ക്ക് ജില്ലാ ജഡ്ജി എസ്. എച്ച്. പഞ്ചാപകേശന്‍ ട്രോഫികള്‍ സമ്മാനിച്ചു. എം. നൗഷാദ് എം. എല്‍. എ യുടെ അധ്യക്ഷതയിലായിരുന്നു സമ്മാനദാന ചടങ്ങ്. കെ ഫോര്‍ കെ ടൂര്‍ണമന്റ് സ്ഥിരം സംവിധാനമാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എവര്‍ റോളിംഗ് ട്രോഫി ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സ്വാഗതം പറഞ്ഞ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ വ്യക്തമാക്കി.

വലിയൊരു കായിക മാമാങ്കം വിജയിപ്പിക്കാന്‍ മുന്‍കൈയെടുത്ത ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നാണ് സമ്മാന ദാനം നിര്‍വഹിച്ച ജില്ലാ ജഡ്ജി പറഞ്ഞത്.
ചലച്ചിത്ര താരം നൂറിന്‍ ഷെറീഫ് അതിഥിയായി പങ്കെടുത്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് കെ. സി. ഏലമ്മ, ബോക്‌സിംഗ് താരം കെ. സി. ലേഖ, എ. ഡി. എം. പി. ആര്‍. ഗോപാലകൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. രാമഭദ്രന്‍, എന്‍. എസ്. സഹകരണ ആശുപത്രി സെക്രട്ടറി പി. ഷിബു, ഹോട്ടല്‍ റാവിസ് മാനേജര്‍ അജിത്ത്, വോളിബോള്‍-കബഡി അസോസിയേഷന്‍ പ്രതിനിധികള്‍, കായിക വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സേഫ് കൊല്ലത്തിന്റേതടക്കം വൊളന്റിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. മത്സരങ്ങള്‍ക്ക് മുന്നേ ഫ്‌ളാഷ് മോബ് ഉള്‍പ്പടെ കലാപരിപാടികളും നടന്നു.