കൊച്ചി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന എക്സ്പ്ലോറിംഗ് ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള ഏഴ് ദിവസത്തെ വിദ്യാഭ്യാസ ശാക്തീകരണ യാത്ര കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആരംഭിച്ചു. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ യൂണിവേഴ്സിറ്റി, ഡൽഹി യൂണിവേഴ്സിറ്റി, എയിംസ്, നാഷണൽ ലോ യൂണിവേഴ്സിറ്റി, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, എൻ.സി.ഇ.ആർ.റ്റി, സെറി, ഐ.ഐ.ടി, വിവിധ കേന്ദ്ര സർവകലാശാലകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിക്കും.

രാഷ്ട്രപതി സന്ദർശനം, രാഷ്ട്രപതി ഭവൻ , പാർലമെൻറ് മന്ദിരം , രാജ്ഘട്ട്, റെഡ് ഫോർട്ട്, ഡൽഹി ജുമാ മസ്ജിദ് ,അക്ഷർദാം ക്ഷേത്രം, കുത്തബ് മിനാർ, ഇന്ത്യാ ഗേറ്റ്, സുപ്രീം കോടതി എന്നിവയും യാത്രക്കിടയിൽ സന്ദർശിക്കും. യൂണിവേഴ്സിറ്റി തലവന്മാരുമായും സംവദിക്കാനും രാഷ്ട്രപതിയെയും ഡൽഹി മുഖ്യമന്ത്രിയെയും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രിയെയും കാണുന്നതിനുമുളള സംവിധാനങ്ങളും വിദ്യാർത്ഥികൾക്ക് യാത്രയിൽ അവസരം ലഭിക്കും. മന്ത്രി കെ.ടി.ജലീലിന്റെ നിർദ്ദേശത്തെ തുടർന്ന് സ്പോൺസർ മാരെ കണ്ടെത്തി ടിക്കറ്റ് ഓഡേപക് വഴി നൽകിയാണ് യാത്ര വിമാനത്തിലാക്കിയത്.

130 പേരാണ് യാത്രയിലുള്ളത്. 120 വിദ്യാർത്ഥികളുമുണ്ട്. വകുപ്പിന്റെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര സർവകലാശാലകളിലും പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളും കണ്ടറിഞ്ഞ് അവിടെ പഠിക്കാനുള്ള പ്രചോദനം വിദ്യാർത്ഥികൾക്ക് നൽകലാണ് പരിപാടിയുടെ ലക്ഷ്യം. യാത്ര ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഡോ.മൊയ്തീൻ കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. സി.സി.എം.വൈ പ്രിൻസിപ്പൽ മാരായ പ്രൊഫ.ജമീല, ഡോ.ഹസീന, ഡോ.സജി മാത്യു, മിത്ര എൻ.ആർ. എന്നിവർ സംസാരിച്ചു.