തിരുവനന്തപുരം: സംസ്ഥാന  സര്‍ക്കാര്‍  നേരിട്ട്  നടത്തിയ വസന്തോത്സവം  2018 കൊടിയിറങ്ങുമ്പോള്‍ വര്‍ണ്ണ  ശബളമായ  കാഴ്ചകള്‍   സമ്മാനിച്ച  മേളയുടെ  സംഘാടന  മികവ് ശ്രദ്ധേയം.  ലോക  കേരള സഭയോടനുബന്ധിച്ച് വിനോദ  സഞ്ചാര  വകുപ്പ്  സംഘടിപ്പിച്ച  മേള  കാണാന്‍  ഏതാണ്ട്  ഒന്നേകാല്‍  ലക്ഷത്തോളം  സന്ദര്‍ശകരാണ്  എത്തിയത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വസന്തോത്സവം കാഴ്ചയുടെ നവ്യാനുഭവം സമ്മാനിച്ചു.  ഗോത്ര സംസ്‌കൃതിയുടെ നേര്‍കാഴ്ചയും കേരളീയ പാരമ്പര്യത്തിന്റെ പരിച്ഛേദവും, കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും സര്‍പ്പകാവുകളുടെ കാഴ്ചാനുഭൂതിയും രുചിക്കുട്ടൊരുക്കിയ ഭക്ഷ്യ മേളയും സന്ദര്‍ശകര്‍ക്ക് കൗതുകമായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയായ വസന്തോല്‍സവം 2018, വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റേയും കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെയും നേതൃത്വത്തിലാണ് അരങ്ങേറിയത്.  വിനോദസഞ്ചാര വകുപ്പിനും  കൃഷിവകുപ്പിനും പുറമേ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും സഹകരണം മേളയ്ക്കുണ്ടായി.
ഏതാണ്ട് മുപ്പത് ദിവസത്തില്‍ താഴെ മാത്രമാണ് മേള ഒരുക്കാനായി സംഘാടകര്‍ക്ക് ലഭിച്ചത്.  വനം, പട്ടികജാതി – പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു. വി യും വിനോദ സഞ്ചാര വകുപ്പ് ഡയറക്ടറും മേളയുടെ ജനറല്‍ കണ്‍വീനറുമായ പി. ബാലകിരണ്‍ എന്നിവര്‍ സംഘാടനത്തിന്റെ നെടും തൂണുകളായി.   ഏഴ് സബ് കമ്മിറ്റികളുടെ കൂട്ടായ പ്രവര്‍ത്തനം കാര്യങ്ങള്‍ സുഗമമാക്കി.
രണ്ടാഴ്ച കൊണ്ടാണ് ചെടികള്‍ ഒരുക്കിയത്, 12 പേരടങ്ങുന്ന സബ് കമ്മറ്റിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.  മേളയിലെ വന്‍ജനാവലിയുടെ സാന്നിധ്യം ഈ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്.  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കോണ്‍സിലിലെ അംഗവും മേളയുടെ അഗ്രോ ഫ്‌ളവര്‍ ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ കണ്‍വീനറുമായ ഡോ. എസ്. പ്രദീപ് കുമാര്‍ പറഞ്ഞു.  സംഘാടകരുടെ മികച്ച പ്രവര്‍ത്തനമാണ് മേളയെ ഈ രീതിയില്‍ ഒരു വിജയത്തിലേക്ക് എത്തിച്ചത്. മേളയിലേക്ക് വരുന്ന എല്ലാ കാണികള്‍ക്കും തീര്‍ത്തും ആസ്വാദ്യകരമായ ഒരു അനുഭവമാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്.  വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ അടിവരയിട്ട് പറഞ്ഞു.
മേളയുടെ വന്‍വിജയത്തോടെ തലസ്ഥാന നഗരി കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ കൂടുതല്‍ സാധ്യതകളാണ് തുറന്നിടുന്നത്.