സംസ്ഥാന വ്യവസായ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും  ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ടെക്‌നോളജി ക്ലിനിക്കിന് തുടക്കമായി. പാലക്കാട് സായൂജ്യം റസിഡന്‍സിയില്‍ രണ്ടുദിവസങ്ങളിലായി നടക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജിയില്‍ സംരംഭകര്‍ക്ക് പുതിയ ആശയങ്ങള്‍ നല്‍കുന്നതിനും ഈ മേഖലയിലേക്ക് പുതിയ സംരംഭകരെ ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടാണ് ക്ലിനിക് സംഘടിപ്പിക്കുന്നത്.

പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി ഈ മേഖലയിലേക്ക് പുതിയ സംരംഭകര്‍ കടന്നുവരാന്‍ ക്ലിനിക്ക് സൗകര്യമൊരുക്കുമെന്നും തെരുവോരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയാതെ വീടുകളില്‍ തന്നെ സംസ്‌കരിക്കുന്നതിന്റെ സാഹചര്യങ്ങള്‍ കണ്ടെത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ആരോഗ്യപരമായ സാധ്യതകള്‍ സമൂഹത്തില്‍ നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. മാലിന്യസംസ്‌കരണത്തിന് ഇത്തരം നൂതന ടെക്‌നോളജികള്‍ ഉപയോഗിച്ച് പുതിയ ആശയങ്ങളും സാധ്യതകളും മുന്നോട്ടുവയ്ക്കാന്‍ സംരംഭകര്‍ക്ക് കഴിയണം. സമ്പൂര്‍ണ ശുചിത്വ കേരളം സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തു വരുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ജില്ലയില്‍നിന്നുള്ള എഴുപതോളം സംരംഭകര്‍ പങ്കെടുത്ത പരിപാടിയില്‍ പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യതകളെക്കുറിച്ചും പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കിയുള്ള  സംരംഭങ്ങളെക്കുറിച്ചും, കൊച്ചി സി.ഐ.പി.ഇ.ടിയിലെ അസി. പ്രൊഫ. ഡോ. നീത ജോണ്‍ ക്ലാസ്സെടുത്തു. പരിപാടിയില്‍ നൂതനാശയങ്ങളുമായി പുതിയ സംരംഭകരും  പങ്കെടുത്തു.

നവംബര്‍ 14ന`  ഇ – വേസ്റ്റ് മാനേജ്‌മെന്റ് , ബയോ വേസ്റ്റ് മാനേജ്‌മെന്റ്, എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജമോഹന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ ടി.ടി. ലോഹിതാക്ഷന്‍, എം.ഗിരീഷ്, കെ എ. ജിഷ എന്നിവര്‍ സംസാരിച്ചു.