ഒരു രൂപ നോട്ട് കൊടുത്താല്‍ ഒരു ലക്ഷം കൂടെപോരും… ഈ ഗാനം അറിയാത്ത മലയാളികള്‍ ഉണ്ടാകില്ല. പ്രശസ്തമായ ആ സിനിമഗാനം ജില്ലയില്‍ പലരുടെയും ചുണ്ടുകളില്‍ അറിയാതെ വീണ്ടുമെത്തി. കാരണം മറ്റൊന്നുമല്ല ആ ലോട്ടറിയുടെ തനിപ്പകര്‍പ്പ് ഇന്നലെ (17) പലരും നേരിട്ടുകണ്ടു. സംസ്ഥാനഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് ലോട്ടറിയുടെ 50 വര്‍ഷത്തെ ചരിത്രമുള്‍പ്പെടുത്തി ഭാഗ്യക്കുറി വകുപ്പ് സജ്ജമാക്കിയ   ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രദര്‍ശനവാഹനം ജില്ലയില്‍ പര്യടനം നടത്തിയതോടെയാണ് കേട്ടറിവില്‍ മാത്രമുള്ള വിവിധങ്ങളായ ലോട്ടറികള്‍ പലതും നേരില്‍ക്കാണാന്‍ ഭാഗ്യമുണ്ടായത്.
ഒരു രൂപയ്ക്ക് 50,000 രൂപ ഒന്നാം സമ്മാനം നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ ഭാഗ്യക്കുറി മുതല്‍ കഴിഞ്ഞ ഓണക്കാലത്ത്  250 രൂപയ്ക്ക് 10 കോടി രൂപ ബംബര്‍ സമ്മാനം നല്‍കിയ ലോട്ടറിയുടെ ലഘുചരിത്രമാണ് പ്രത്യേക പ്രദര്‍ശനവാഹനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ പലര്‍ക്കും കൗതുമായത് ഒരു രൂപയ്ക്ക് ഒരു ലക്ഷംരൂപ സമ്മാനം നല്‍കിയ പഴയ ലോട്ടറി ടിക്കറ്റാണ്. ആദ്യത്തെ ക്രിസ്മസ്, വിഷു, ഓണം തുടങ്ങി വിവിധങ്ങളായ ബമ്പറുകളുടെ ചരിത്രവുമുണ്ട്. മാത്രമല്ല ഇതുവരെയുണ്ടായ നേട്ടങ്ങള്‍, പ്രവര്‍ത്തനം, മുന്നോട്ടുള്ള ലക്ഷ്യം എന്നിവയെല്ലാം ഈ പ്രദര്‍ശനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തുടക്കകാലത്ത് മാസത്തില്‍ ഒരു നറുക്കെടുപ്പില്‍ നിന്ന് ആഴ്ചയില്‍ ഏഴുദിവസവും നറുക്കെടുപ്പും പ്രതിദിനം 96 ലക്ഷം ടിക്കറ്റുകളുടെ വില്‍പനയില്‍ എത്തിനില്‍ക്കുകയാണ് സംസ്ഥാനഭാഗ്യക്കുറി. 1967-68 ല്‍ 20 ലക്ഷം രൂപയായിരുന്നു മൊത്തവരുമാനമെങ്കില്‍ 2016-17 ല്‍ എത്തിയപ്പോള്‍ അത് 7395.29 കോടിയുടെ റെക്കോഡ് വരുമാനമായി വര്‍ധിച്ചു.
പ്രദര്‍ശനത്തിന്റെ ജില്ലാതല ഉദ്ഘാടനം സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍  നടന്ന ചടങ്ങില്‍ എഡിഎം എന്‍ ദേവീദാസ് നിര്‍വഹിച്ചു.ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം വി.ബാലന്‍ അധ്യക്ഷനായിരുന്നു. എം.വി രാജേഷ്‌കുമാര്‍, പി.പ്രഭാകരന്‍, കെ.എം ശ്രീധരന്‍, എം.ഗണേശന്‍, ഹരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട് തുടങ്ങിയ കേന്ദ്രങ്ങളിലും പ്രദര്‍ശനം നടത്തി. ഇന്ന്  കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.