സമൂഹത്തിൽ മാറ്റി നിർത്തപ്പെടുന്നവരും പാർശ്വവൽക്കരിക്കപ്പെടുന്നവരുമായ യുവജന വിഭാഗത്തിന്റെ ശാക്തീകരണത്തിന് നേതൃത്വം നൽകുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം പറഞ്ഞു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തിൽ കുമളി ഹോളിഡേ ഹോമിൽ  നടത്തിയ നിറവ് ഗോത്ര കലോത്സവവേദിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. സംസ്ഥാന ഗവൺമെൻറിൻറെ നേതൃത്വത്തിൽ യുവജന ശാക്തീകരണത്തിന് വഴിവെക്കുന്ന വിപ്ലവകരമായ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. യുവജന കമ്മീഷൻ സംസ്ഥാന ലൈബ്രറി കൗൺസിലുമായി സഹകരിച്ച് 60 ഓളം വരുന്ന ട്രൈബൽ ലൈബ്രറികൾ വഴി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. നമ്മുടെ സമൂഹത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന തനതു കലാരൂപങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.  ഇത്തരത്തിൽ അന്യംനിന്നുപോകുന്ന വിവിധ കലാരൂപങ്ങളെയും  വൈവിധ്യങ്ങളെയും ജീവിതരീതികളും എല്ലാം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് നിറവ് പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് ഗോത്ര വിഭാഗങ്ങളിലെ യുവജനങ്ങളുടെ സമഗ്ര ഉന്നമനത്തിനായി യുവജന കമ്മീഷൻ ഇടപെടലുകൾ വ്യാപകമാക്കും .  നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ വിപുലമായ ബോധവൽക്കരണ പരിപാടികൾ ആണ്  യുവജന കമ്മീഷൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നത്. നാടിന്റെ തനിമമുള്ള മണ്ണിന്റെ മണമുള്ള തൊഴിലാളികളുടെ വിയർപ്പിനെ , സാധാരണക്കാരുടെ ജീവിതത്തിന്റെ തുടിപ്പുള്ള  കലാരൂപങ്ങളാക്കി അവതരിപ്പിക്കുക വഴി അന്യമായികൊണ്ടിരിക്കുന്ന കലാരൂപങ്ങളെയും വൈവിധ്യങ്ങളെയും ജീവിതരീതികളെയും സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ തുടരും എന്ന് അവർ കൂട്ടിച്ചേർത്തു.
തനത് കലാരൂപങ്ങൾക്ക് ഒരു പൊതു ഇടം ആവശ്യമാണ് :സി ജെ കുട്ടപ്പൻ
 ആദിവാസി ഗോത്ര മേഖലകളിൽ ഉൾപ്പെടെ സമൂഹത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന വിവിധങ്ങളായ തനത് കലാരൂപങ്ങൾക്ക് ഒരു പൊതു ഇടം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ സി .ജെ കുട്ടപ്പൻ പറഞ്ഞു.
   കുമളി ഹോളിഡേ ഹോമിൽ നടന്ന നിറവ്  ഗോത്ര കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം . ‘മഴ പെയ്യുമ്പോഴേ നമ്മുടെ കുഞ്ഞുങ്ങൾ എങ്ങനെടി ഇടിവെട്ടുമ്പോളെ നമ്മുടെ കുഞ്ഞുങ്ങൾ എങ്ങനെടി,  എന്ന നാടൻപാട്ട് വേദിയിൽ ആലപിച്ചാണ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത്.തുടർന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്താ ജെറോം മുഖ്യ പ്രഭാഷണം നടത്തി.യോഗത്തിൽ കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ. വി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ സുരേഷ്, അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ  .എ അബ്ദുൽ റസാഖ്, ജനപ്രതിനിധികൾ,  കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി .അപ്പുക്കുട്ടൻ, കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് ചവറ കെ. എസ് പിള്ള   രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, സംസ്ഥാന ,ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് ആദിവാസി വികസനം സമീപനങ്ങളും സാധ്യതകളും എന്ന സെമിനാറിന്റെ ഉദ്ഘാടനം പീരുമേട് എംഎൽഎ ഇ .എസ് ബിജിമോൾ നിർവഹിച്ചു.
മലയാളം സർവകലാശാല സോഷ്യോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ.സൂസൻ ഐസക് വിഷയം അവതരിപ്പിച്ചു. വിവിധ കലാ സംഘങ്ങളുടെ നേതൃത്തിൽ  കലാരൂപങ്ങളുടെ അവതരണവും വേദിയിൽ നടന്നു.
നവംബർ 15 നു ആരംഭിച്ച  നിറവ് ഗോത്ര കലോത്സവം  17ന`  സമാപിക്കും.